സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരം കാണാൻ യു.എ.ഇയിൽ പാപ്പരത്ത കോടതി
text_fieldsദുബൈ: രാജ്യത്തെ സാമ്പത്തിക കേസുകളിൽ പരിഹാരം കാണുന്നത് ലക്ഷ്യംവെച്ച് പുതുതായി പാപ്പരത്ത കോടതി പ്രഖ്യാപിച്ച് നീതിന്യായ മന്ത്രാലയം. അബൂദബി ഫെഡറൽ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോടതി വിവിധ എമിറേറ്റുകളിൽ നിന്നുള്ള പാപ്പരത്ത കേസുകളുമായി ബന്ധപ്പെട്ട ഹരജികളും തർക്കങ്ങളും തീർപ്പാക്കും. രാജ്യത്തെ ഏതെങ്കിലും ഒരു എമിറേറ്റിൽ കോടതിയുടെ ശാഖ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഹരജികളിലും തർക്കങ്ങളിലും പരിഹാരം കാണുന്നതിന് ശാഖകൾക്കും അബൂദബി കോടതിയുടെ അതേ അധികാരം ഉണ്ടായിരിക്കും.
ഫെഡറൽ ജുഡീഷ്യറി കൗൺസിൽ നിയമിക്കുന പ്രസിഡന്‍റും വിദഗ്ദരായ ജഡ്ജിമാരുമാണ് കോടതിയിലുണ്ടാവുക. പാപ്പരത്ത വകുപ്പ് രൂപീകരിച്ച് ഹരജികളും എതിർഹരജികളും പരാതികളും ഇതുവഴി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റും ഈ വകുപ്പ് പരിശോധിക്കുകയും ചെയ്യും. കോടതിയുടെ പരിധിയിൽ പാപ്പരത്ത വിദഗ്ധർക്കും കൺസൾട്ടന്റുമാർക്കും പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരിക്കും.
കടക്കാരന്റെ ഫണ്ടുകളും ബിസിനസുകളും കൈകാര്യം ചെയ്യുന്നതിനും മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും കടക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതിനും കടക്കാരന്റെയോ അവരുടെ പ്രതിനിധിയുടെയോ കടങ്ങൾ, ഫണ്ടുകൾ അല്ലെങ്കിൽ ബിസിനസുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരുടെ അഭിപ്രായം കേൾക്കുന്നതിനും വിദഗ്ധർ സഹായിക്കും.
യു.എ.ഇ നീതിന്യായ മന്ത്രിയും ഫെഡറൽ ജുഡീഷ്യറി കൗൺസിൽ ചെയർമാനുമായ അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമിയാണ് കോടതി സ്ഥാപിക്കുന്നത് പ്രഖ്യാപിച്ചത്. സാമ്പത്തിക വളർച്ചയുടെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരതയെ പിന്തുണക്കുന്ന നിയമാന്തരീക്ഷം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് കോടതിയെന്ന് നീതിന്യായ മന്ത്രാലയം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.