ബ്ലൂലൈൻ നിർമാണം; മിർദിഫിൽ ഗതാഗത നിയന്ത്രണം
text_fieldsദുബൈ: ദുബൈ മെട്രോയുടെ ബ്ലൂലൈൻ നിർമാണം ആരംഭിച്ച മിർദിഫ് ഭാഗത്ത് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഈ ഭാഗങ്ങളിലേക്ക് വരുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ആർ.ടി.എ അഭ്യർഥിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മിർദിഫ് സിറ്റി സെന്ററിന് സമീപം അഞ്ച്, എട്ട് സ്ട്രീറ്റുകൾക്ക് ഇടയിലുള്ള റൗണ്ട് എബൗട്ട് ഇന്റർസെക്ഷൻ അടച്ചിടും. അതോടൊപ്പം അഞ്ചാം സ്ട്രീറ്റിൽനിന്ന് മിർദിഫ് സിറ്റി സെന്റർ വരെയുള്ള എട്ടാം സ്ട്രീറ്റിലേക്കും തിരിച്ചും എട്ടാം സ്ട്രീറ്റിൽ നിന്ന് അൽജീരിയ സ്ട്രീറ്റ് വരെയുള്ള അഞ്ചാം സ്ട്രീറ്റിലേക്കും പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടും. എന്നാൽ, മിർദിഫ് സിറ്റിസെന്റർ സന്ദർശകർക്ക് പാർക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന് ബദൽ റോഡ് ആർ.ടി.എ അനുവദിക്കും. സിറ്റി സെന്റർ മിർദിഫ് സ്ട്രീറ്റിൽനിന്നുള്ള ഗതാഗതത്തിനായി ഖറൂബ് സ്ക്വയറിനു സമീപമുള്ള താമസക്കാർക്ക് യു-ടേൺ സൗകര്യവും നൽകും.
2029 സെപ്റ്റംബറിൽ സർവിസ് ആരംഭിക്കാൻ തയാറെടുക്കുന്ന ബ്ലൂലൈനിന്റെ ആദ്യ സ്റ്റേഷന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്. ചടങ്ങിൽ ലോകത്തെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനായി വിശേഷിപ്പിക്കുന്ന ഇമാർ പ്രോപ്പർട്ടീസ് മെട്രോ സ്റ്റേഷന്റെ രൂപരേഖയും പുറത്തുവിട്ടിരുന്നു. സിലിണ്ടർ രൂപത്തിലുള്ള ഘടനയോടുകൂടിയ സ്റ്റേഷന്റെ ഉയരം 74 മീറ്ററാണ്. നിരവധി വാണിജ്യ, നിക്ഷേപ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കും. 30 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ബ്ലൂലൈനിൽ 14 സ്റ്റേഷനുകളാണുണ്ടാവുക. 28 ട്രെയ്നുകൾ ഈ ലൈനിൽ സർവിസ് നടത്തും.
ബ്ലൂലൈൻ മെട്രോ സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ ദുബൈ മെട്രോ സ്റ്റേഷനുകളുടെ ആകെ എണ്ണം 78 ആയും ലൈനുകളുടെ ദൂരം 131 കിലോമീറ്ററായും വർധിക്കും. 2500 കോടി ദിർഹമാണ് പദ്ധതിയുടെ നിർമാണ ചെലവ്. പ്രതിവർഷം 5.6 കോടി ദിർഹം വരുമാനമാണ് ഇതിൽനിന്ന് പ്രതീക്ഷിക്കുന്നത്. 2030ഓടെ പ്രതിവർഷം രണ്ട് ലക്ഷം യാത്രക്കാരും 2040ഓടെ ഇത് 3.2 ലക്ഷം യാത്രക്കാരുമായി വർധിക്കുമെന്നാണ് പ്രതീക്ഷ. ഇരു ദിശകളിലേക്കുമായി മണിക്കൂറിൽ 46,000 യാത്രക്കാർ ഈ ലൈനിലൂടെ യാത്ര ചെയ്യും. ഇതുവഴി ഗതാഗതക്കുരുക്ക് 20 ശതമാനം കുറക്കാനാവും. മിർദിഫ് സിറ്റി, അൽ വർഖ, ഇന്റർനാഷനൽ സിറ്റി 1, 2, ദുബൈ സിലിക്കൻ യാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ, ദുബൈ ക്രീക്ക് ഹാർബർ, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നിങ്ങനെ ഒമ്പത് പ്രധാന ജില്ലകളുമായി ബന്ധിപ്പിച്ചാണ് ബ്ലൂലൈൻ നിർമിക്കുന്നത്. ഈ റൂട്ടുകളിലെ യാത്ര സമയം 10 മിനിറ്റിനും 25 മിനിറ്റിനും ഇടയിലായിരിക്കും. ഏതാണ്ട് ഒരു കോടി ആളുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.