ഡെലിവറി ചാർജ് പുനഃസ്ഥാപിച്ച് കഫു
text_fieldsദുബൈ: യു.എ.ഇയിലുടനീളം പെട്രോൾ, ഡീസൽ ഉൾപ്പെടെ ഇന്ധന വിതരണ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്ന കഫു ഡെലിവറി ചാർജ് പുനഃസ്ഥാപിച്ചു. ഏപ്രിൽ 24 വ്യാഴാഴ്ച രാവിലെ ആറ് മുതൽ ഡെലിവറി ചാർജുകൾ പ്രാബല്യത്തിൽ വന്നതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ കമ്പനി ഉപഭോക്താക്കൾക്ക് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് 20 മിനിറ്റിനുള്ളിൽ ഇന്ധനം വീട്ടിലെത്തിക്കാൻ 20 ദിർഹമായിരിക്കും ഫീസ്. രണ്ട് മണിക്കൂറിനുള്ളിൽ ഇന്ധനം എത്തിക്കാൻ 16 ദിർഹം ഈടാക്കും. അർധരാത്രി 12 മുതൽ രാവിലെ ആറു വരെ ഓർഡർ ചെയ്താൽ 12 ദിർഹമായിരിക്കും നിരക്ക്. ഉപഭോക്താക്കളുടെ ആവശ്യം വർധിച്ച സാഹചര്യത്തിലും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സേവന നിരക്കുകൾ പുനഃസ്ഥാപിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.
2018ലാണ് കഫു യു.എ.ഇയിൽ ഇന്ധന വിതരണ സേവനത്തിന് തുടക്കമിട്ടത്. ഉപഭോക്താക്കളിൽനിന്ന് ഡെലിവറി ചാർജ് ഈടാക്കിയായിരുന്നു സേവനങ്ങൾ എത്തിച്ചിരുന്നത്. ഓരോ ഓർഡറുകൾ അനുസരിച്ചും പ്രതിമാസ സബ്സ്ക്രിപ്ഷൻ അനുസരിച്ചുമായിരുന്നു ഡെലിവറി ചാർജുകൾ നിശ്ചയിച്ചിരുന്നത്. തുടർന്ന് 2020 ജൂലൈയിൽ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വിതരണം സൗജന്യമാക്കുകയായിരുന്നു.
ഇതാണ് ഇപ്പോൾ വീണ്ടും പുനഃസ്ഥാപിച്ചത്. ഇന്ധനവിതരണത്തിന് പുറമെ മറ്റ് മേഖലകളിലേക്കും കഫുവിന്റെ സേവനം കമ്പനി വ്യാപിപ്പിച്ചിട്ടുണ്ട്. മൊബൈൽ കാർ വാഷിങ്, ഓയിൽ ചേഞ്ച്, ബാറ്ററി മാറ്റം, ടയർ സേവനങ്ങൾ, ഇ.വി ചാർജിങ് തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന സേവനങ്ങൾ. ഒരു കേന്ദ്രത്തിൽ മാത്രം ഒതുങ്ങാതെ ഉപഭോക്താക്കളുടെ അടുക്കൽ എത്തി സേവനങ്ങൾ നൽകുന്നതിനാൽ കഫുവിന്റെ പ്രവർത്തനങ്ങൾ ഏറെ സഹായകരമാണ്. കഫുവിന്റെ ആപ്പ് വഴി ബുക്ക് ചെയ്താൽ ഉപഭോക്താക്കളുടെ അടുക്കലേക്ക് കഫുവിന്റെ വാഹനമെത്തിയാണ് സേവനം നൽകാറ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.