ആപാറിന് ആധാർ; ആശങ്കയിൽ പ്രവാസി വിദ്യാർഥികൾ
text_fieldsആപാർ നടപ്പാക്കാൻ ആവശ്യപ്പെട്ട് സി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലർ
ദുബൈ: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പരീക്ഷ രജിസ്ട്രേഷന് ആധാർ കാർഡ് ഹാജരാക്കണമെന്ന നിർദേശം ഗൾഫിലെ പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. വിദ്യാർഥികളുടെ പ്രാഥമിക തിരിച്ചറിയൽ രേഖയായ ആപാർ (ഓട്ടോമാറ്റഡ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി) നമ്പർ തയാറാക്കാനാണ് ആധാർ കാർഡ് ആവശ്യപ്പെടുന്നത്.
എന്നാൽ, പ്രവാസി വിദ്യാർഥികളിൽ ഭൂരിപക്ഷം പേർക്കും ആധാർ കാർഡില്ല. ഗൾഫിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യക്കാരല്ലാത്ത വിദ്യാർഥികൾ ഇക്കാര്യത്തിൽ എന്തുചെയ്യുമെന്ന ചോദ്യത്തിനും സി.ബി.എസ്.ഇ മറുപടി നൽകിയിട്ടില്ല.
ഇന്ത്യൻ വിദ്യാർഥികളുടെ പ്രാഥമിക തിരിച്ചറിയൽ രേഖ 12 ഡിജിറ്റുള്ള ഏകീകൃത ആപാർ നമ്പറാക്കുന്ന നടപടികളുടെ ഭാഗമായാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആധാർ നമ്പർ സി.ബി.എസ്.ഇ ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ അക്കാദമിക രേഖകളും, കലാകായികരംഗത്തെ നേട്ടങ്ങൾ വ്യക്തമാക്കുന്ന രേഖകളും ഏകീകൃത നമ്പറിന് കീഴിൽ കൊണ്ടുവരുന്ന സംവിധാനമാണ് ആപാർ. ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ ആപാറിന് കീഴിൽ കൊണ്ടുവരുക.
ആപാറിൽ വിദ്യാർഥികളുടെ പേര്, വിലാസം എന്നിവയുടെ ആധികാരികത ഉറപ്പാക്കാൻ രക്ഷിതാക്കളുടെയും കുട്ടികളുടെയും ആധാർ കാർഡ് ഹാജരാക്കണം. ഇതു സംബന്ധിച്ച് സി.ബി.എസ്.ഇ പുറപ്പെടുവിച്ച നിർദേശം ഇന്ത്യയിലെന്ന പോലെ ഗൾഫിലെ സ്കൂളുകൾക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ, ആധാർ കാർഡില്ലാത്ത പ്രവാസി വിദ്യാർഥികളും ഇന്ത്യക്കാരല്ലാത്ത വിദേശി വിദ്യാർഥികളും എന്തു ചെയ്യുമെന്ന ചോദ്യവുമായി വിവിധ സ്കൂളുകൾ ദുബൈയിലെ സി.ബി.എസ്.
ഇ മേഖല ഓഫിസിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഉത്തരം ലഭിച്ചിട്ടില്ല. എല്ലാ സി.ബി.എസ്.ഇ വിദ്യാർഥികൾക്കും അക്കാദമിക രേഖകൾ തടസ്സരഹിതമായി ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന ഡിജിറ്റൽ തിരിച്ചറിയൽ രേഖയെന്നനിലയിലാണ് ആപാർ അവതരിപ്പിച്ചിരിക്കുന്നത്.
ഡിജി ലോക്കറുമായി ഇതിനെ സംയോജിപ്പിക്കുന്നതോടെ കേന്ദ്രീകൃതമായി വിദ്യാർഥികളുടെ മുഴുവൻ രേഖകളും ഒറ്റ ക്ലിക്കിൽ ലഭ്യമാവും. ‘ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി’ സംരംഭത്തെ പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ അക്കാദമിക വർഷത്തെ 10ാം ക്ലാസ് മുതലുള്ള പരീക്ഷക്ക് അപേക്ഷിക്കാൻ ആപാർ നമ്പർ ആവശ്യമായി വരും. ഇതിന് ആദ്യം ആധാർ കാർഡ് വേണം. ഗൾഫിലിരുന്ന് ആധാറിന് അപേക്ഷിക്കാൻ സംവിധാനമില്ല. പരീക്ഷക്കു മുമ്പ് ആധാർ കാർഡ് ലഭിക്കണമെങ്കിൽ നാട്ടിൽ പോയി അപേക്ഷ നൽകി കാത്തിരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.