കുട്ടികൾക്ക് നല്ലത് മാത്രം നൽകണം; സ്കൂൾ കാന്‍റീനുകളിൽ പരിശോധനമായി ദുബൈ മുനിസിപാലിറ്റി
text_fieldsദുബൈ മുനിസിപാലിറ്റി ഉദ്യോഗസ്ഥർ സ്കൂൾ കാന്‍റീനിൽ ഭക്ഷണം പരിശോധിക്കുന്നു
ദുബൈ: പുതിയ അധ്യായന വർഷാരംഭത്തിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിശോധനകൾ സജീവമാക്കി ദുബൈ മുനിസിപാലിറ്റി. കിൻറർഗാർഡനുകൾ, നഴ്സറികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ അടക്കമുള്ള പ്രത്യേക ടീമിന്‍റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നുവരുന്നത്. വർഷത്തിൽ 456 സ്ഥാപനങ്ങളിൽ പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്. ‘ഡി.എം ചെക്ക്ഡ്’ പ്ലാറ്റ്ഫോം വഴിയുള്ള ദിവസേന നടക്കുന്ന നിരീക്ഷണത്തിന് പുറമെയാണ് ഫീൽഡ് വിസിറ്റുകൾ നടത്തുന്നത്. കാന്‍റീനുകളുടെ നിലവാരവും മെനുവും വിലയിരുത്തുന്നതിനൊപ്പം, ദുബൈയിലെ പോഷകാഹാര, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് പരിശോധനകളുടെ ലക്ഷ്യം.
നിയമലംഘനങ്ങൾക്ക് അതിവേഗത്തിൽ നടപടിയെടുത്ത് വരുന്നതായി അധികൃതർ വ്യക്തമാക്കി. ഉൽപന്നങ്ങൾ പിൻവലിക്കലും വിതരണം നിരോധിക്കലും അടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സ്കൂളുകളിൽ ആവശ്യമായ തിരുത്തൽ നടപടികൾ നിർദേശിക്കുകയും ചെയ്തുവരുന്നുണ്ട്. എമിറേറ്റിലെ സ്കൂൾ കാൻറീനുകൾ സ്മാർട് ഫുഡ് ചോയ്സസ് സിസ്റ്റം പാലിക്കണമെന്നാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. ഭക്ഷ്യോൽപന്നങ്ങൾ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ തിരിച്ചിരിക്കുന്ന വിഭാഗങ്ങൾ അനാരോഗ്യകരമായ ഭക്ഷണം കുറക്കാനും പഴം, പച്ചക്കറി, ധാന്യം, വെള്ളം, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവ പ്രോൽസാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
ഭക്ഷ്യ വസ്തുക്കളുടെ പരിശോധനക്കൊപ്പം സ്കൂളുകളിലെ എ.സി, വെനറിലേഷൻ സംവിധാനം, നീന്തൽകുളങ്ങൾ, ജലവിതരണ സംവിധാനം എന്നിവയും മുനിസിപാലിറ്റി പരിശോധിച്ചുവരുന്നുണ്ട്. വാട്ടർ ടാങ്ക് ശുചീകരണം, കീടനശീകരണ പ്രവർത്തനങ്ങൾ എന്നിവ സ്ഥിരമായി വിലയിരുത്തിവരുന്നുമുണ്ട്. സ്കൂൾ യൂനിഫോമുകളിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടുന്നുണ്ട്. പരിശോധനകൾക്ക് പുറമെ കാൻറീൻ ജീവനക്കാർക്കും ന്യൂട്രീഷ്യൻ ഉദ്യോഗസ്ഥർക്കും പരിശീലന ശിൽപശാലകളും വിദ്യാർഥികളെ ആരോഗ്യകരമായ ഭക്ഷണക്രമം പ്രോൽസാഹിപ്പിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിനും ബോധവൽകരണവും നടത്തിവരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.