ചൈന ഇന്റര്‍നാഷനല്‍ ഫെയര്‍: ആഗോള സാന്നിധ്യം ശക്തിപ്പെടുത്തി റാകിസ്
text_fieldsറാക് ഭരണാധിപന് ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ സാന്നിധ്യത്തില്‍ ചൈനീസ് കമ്പനിയുമായി റാകിസ് ഗ്രൂപ് സി.ഇ.ഒ റാമി ജല്ലാദ് ധാരണ
പത്രത്തില്‍ ഒപ്പുവെക്കുന്നു
റാസല്‍ഖൈമ: ചൈന ഇന്റര്‍നാഷനല്‍ ഫെയര്‍ ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് (സി.ഐ.എഫ്.ഐ.ടി -സിഫിട്) സമ്മേളനത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി റാക് ഇക്കണോമിക് സോണ്‍ (റാകിസ്). ആഗോള വാണിജ്യ-വ്യാപാര അവസരങ്ങള്‍ വിപുലപ്പെടുത്താന്‍ ചൈന സിഫ്ട് ദൗത്യത്തിലൂടെ റാകിസിന് വഴി തുറന്നതായി റാകിസ് ഗ്രൂപ് സി.ഇ.ഒ റാമി ജല്ലാദ് അഭിപ്രായപ്പെട്ടു. റാകിസ് മിഷന് ചൈനീസ് നഗരങ്ങളിലുടനീളം ബിസിനസ് ടു ബിസിനസ് (ബി ടു ബി) പരമ്പര അവതരിപ്പിച്ച് റാസല്‍ഖൈമയിലെ അതുല്യമായ ബിസിനസ് അന്തരീക്ഷം പരിചയപ്പെടുത്തി.
ചൈനീസ് കമ്പനികള്‍ക്ക് മധ്യ പൂര്‍വ ദേശത്തേക്കും ഇതുവഴി പുതിയ മേഖലകളിലേക്കും റാകിസ് പുതിയ ഗേറ്റ്വേ വാഗ്ദാനം ചെയ്തു. ‘ഇന്‍വെസ്റ്റ് റാക്’ പവിലിയനു കീഴില്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി, മര്‍ജാന്‍, റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി, റാക് ഡിജിറ്റല്‍ അസറ്റ് ഒയാസിസ്, റാക് പ്രോപ്പര്‍ട്ടീസ്, റാക് പോര്‍ട്ട്സ്, റാക് ബാങ്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള ബിസിനസ് സംരംഭകര്‍ക്ക് പരിചയപ്പെടുത്താന്‍ കഴിഞ്ഞത് നേട്ടമായതായും റാമി ജല്ലാദ് പറഞ്ഞു.
റാസല്‍ഖൈമയിലെ നിക്ഷേപ അവസരങ്ങള്‍ അന്താരാഷ്ട്ര സംരംഭകര്‍ക്ക് ആവേശം നല്‍കിയതായി അധികൃതര്‍ അവകാശപ്പെട്ടു. റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ്, സാമ്പത്തിക വികസനം, വിനോദം, ഹോസ്പിറ്റാലിറ്റി, ടെക്നോളജി, ഇന്നവേഷന്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച പവിലിയന് എമിറേറ്റിന്റെ സമഗ്രവും നിക്ഷേപ-സൗഹൃദവുമായ അന്തരീക്ഷത്തെ പരിചയപ്പെടുത്തി.
സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്ന സുപ്രധാന ധാരണപത്രങ്ങളില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ സാന്നിധ്യത്തില്‍ കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞത് ചൈനയില്‍ റാകിസിന്റെ വിജയ ദൗത്യമായി. സി.പി.സി ലോങ്ഹുവ ഡിസ്ട്രിക്ട് സ്റ്റാൻഡിങ് കമ്മിറ്റിയംഗമായ ലാന് താവോയും റാകിസ് ഗ്രൂപ് സി.ഇ.ഒ റാമി ജല്ലാദും ഒപ്പുവെച്ച ഷെന്‍ഷെന്‍ ലോങ്ഹുവ ഡിസ്ട്രിക്ട് കരാര്‍ ഇതില്‍ പ്രധാനമാണ്.
വ്യാപാര-നിക്ഷേപ സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കരാര്‍. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, നൂതന ഊര്‍ജ പദ്ധതികള്‍, ആരോഗ്യ സംരക്ഷണം, നൂതന ഉല്പാദനം തുടങ്ങിയ മേഖലകളിലാണ് കരാറിലെ ഊന്നല്‍. എസ്.സി കാപിറ്റല്‍ പാര്‍ട്ണേഴ്സിലെ മൈക്കല്‍ ജോണ്‍ ലെയ്നുമായുള്ള കരാറില്‍ വ്യവസായിക സൗകര്യങ്ങള്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ വൈവിധ്യമാര്‍ന്ന പദ്ധതികളില്‍ സംയുക്ത സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു.
തന്ത്രപരമായ വളര്‍ച്ച മുന്‍ നിര്‍ത്തി ബെല്‍റ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവുമായി (ബി.ആര്.ഐ) യോജിപ്പിക്കുന്ന പദ്ധതിയില്‍ വിപണി സ്ഥാനം, ശക്തമായ വളര്‍ച്ച അവസരങ്ങള്‍ എന്നിവ തേടുന്ന ചൈനീസ് കമ്പനികളെ റാസല്‍ഖൈമയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു.
റോഡ് ഷോകള്‍, ചൈനീസ് സംരംഭകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായുള്ള ആശയവിനിമയം എന്നിവയിലൂടെ റീസൈക്ളിങ്, എല്‍.ഇ.ഡി ലൈറ്റിങ്, എൻജിനീയറിങ്, പാക്കേജിങ് തുടങ്ങി 250ലേറെ ചൈനീസ് കമ്പനികളെ റാകിസിലേക്ക് ആകര്‍ഷിക്കുന്നതിന് വഴിവെച്ചു. ചൈനയിലെ ഷാന്‍ഡോങ് ടിമ്പര്‍ ആൻഡ് വുഡ് പ്രോഡക്ട്സ് അസോസിയേഷനുമായുള്ള 360 ദശലക്ഷം യു.എസ് ഡോളറിന്റെ കരാര്‍ ചൈന ഇന്റര്‍നാഷനല്‍ ഫെയര്‍ ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ദൗത്യത്തില്‍ റാകിസിന് ലഭിച്ച ഇടപാടുകളില്‍ ശ്രദ്ധേയമായ കരാറായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.