റാക് സ്വകാര്യ സ്കൂളുകളുടെ നിയന്ത്രണം നോളജ് വകുപ്പിന്
text_fieldsറാസല്‍ഖൈമ: റാസല്‍ഖൈമയിലെ സ്വകാര്യ സ്കൂളുകളുടെ നിയന്ത്രണാധികാരം റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നോളജി (റാക് ഡോക്)ന് കൈമാറി വിദ്യാഭ്യാസ മന്ത്രാലയം. എമിറേറ്റിലെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്കരണങ്ങള്‍ക്ക് വഴിവെക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം വെള്ളിയാഴ്ച വാർത്ത ഏജന്‍സിയായ ‘വാം’ ആണ് പുറത്തുവിട്ടത്. ഈ അക്കാദമിക് വര്‍ഷാവസാനത്തോടെ ഘട്ടം ഘട്ടമായി റാസല്‍ഖൈമയിലെ സ്വകാര്യ സ്കൂളുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ധാരണാപത്രത്തില്‍ റാക് നോളജ് ഡിപ്പാർട്മെന്റും മിനിസ്ട്രി ഓഫ് എജുക്കേഷനും ഒപ്പുവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സ്, ഓപറേഷന്‍സ് മാനേജ്മെന്റ്-ഉപഭോക്തൃ ബന്ധം, ഗുണനിലവാരം ഉറപ്പ് വരുത്തൽ, സര്‍വതലങ്ങളെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ തന്ത്ര-നയങ്ങള്‍ തുടങ്ങി നാല് സുപ്രധാന വകുപ്പുകള്‍ ഉൾച്ചേര്‍ന്നതായിരിക്കും റാക് നോളജ് വകുപ്പിന്റെ പ്രവര്‍ത്തനം. സമഗ്ര സംവിധാനം സുസജ്ജമാക്കുന്നതിന് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
വിദ്യാഭ്യാസ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ സ്വീകരിച്ച് ‘പുതിയ സമീപനം’ സ്വീകരിക്കുന്നതിലും റാക് നോളജ് വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റാസല്‍ഖൈമയിലെ വിദ്യാഭ്യാസ രംഗത്ത് ദ്രുതഗതിയിലുള്ള വികസനം നടന്നുകൊണ്ടിരിക്കുകയാണെന്ന് റാക് ഡോക് ബോര്‍ഡ് അംഗം അബ്ദുല്‍ റഹ്മാന് നഖ്ബി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള റാക് ഡോകിന്റെ പങ്കാളിത്തം എമിറേറ്റിലെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിശ്ചയദാര്‍ഢ്യമുള്ള വിദ്യാര്‍ഥികളും അവരുടെ വ്യത്യസ്ത ആവശ്യങ്ങളും നടപ്പാക്കി മുന്നോട്ട് പോകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അനല്‍ നഖ്ബി തുടര്‍ന്നു.
റാക് നോളജ് വകുപ്പിന് സര്‍വ പിന്തുണയും വിദ്യാഭ്യാസ മന്ത്രാലയം നല്‍കുമെന്ന് അണ്ടര്‍ സെക്രട്ടറി റബാ അലി അല്‍ സുമൈതി അഭിപ്രായപ്പെട്ടു. റാക് നോളജ് ഡിപ്പാർട്മെന്റുമായും പ്രാദേശിക വകുപ്പുകളുമായും ക്രിയാത്മകമായ സഹകരണം വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പ് വരുത്തും. വിവിധ പാഠ്യപദ്ധതികളില്‍ 107 പൊതു-സ്വകാര്യ സ്കൂളുകളാണ് റാസല്‍ഖൈമയില്‍ പ്രവര്‍ത്തിക്കുന്നത്. റാസല്‍ഖൈമയെ ആഗോള പഠന നഗരങ്ങളുടെ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനം 2022ല്‍ യുനൈറ്റഡ് നേഷന്‍സ് എജുക്കേഷനല്‍ സയന്റിഫിക് ആൻഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് (യുനെസ്കോ) നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.