യു.എ.ഇയിൽ വീണ്ടും ക്രിക്കറ്റ് ആവേശം
text_fieldsദുബൈയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (ഫയൽ ചിത്രം)
ദുബൈ: മാസങ്ങളുടെ ഇടവേളക്കുശേഷം ഇന്ത്യയും പാകിസ്താനും അടക്കമുള്ള ടീമുകൾ കൊമ്പുകോർക്കുന്ന ക്രിക്കറ്റ് ആവേശം വീണ്ടും യു.എ.ഇയിലേക്ക്. ഏഷ്യൻ ക്രിക്കറ്റ് ശക്തികൾ ഏറ്റുമുട്ടുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യു.എ.ഇയിലെത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സെപ്റ്റംബറിൽ യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ വളരെ പ്രതീക്ഷാപൂർവമാണ് യു.എ.ഇയിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ യു.എ.ഇയിലെ വിവിധ വേദികളിലായിരിക്കും മത്സരങ്ങൾ അരങ്ങേറുക.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ടീമുകൾകൊപ്പം ഒമാനും യു.എ.ഇയും എഷ്യാകപ്പിൽ മാറ്റുരക്കും. ഇന്ത്യ-പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചേക്കുമെന്ന് കരുതിയ ടൂർണമെന്റാണ് യു.എ.ഇയിൽ നിശ്ചയിച്ചിരിക്കുന്നത്. ഒരേ ഗ്രൂപ്പിൽ ഏറ്റുമുട്ടുന്ന ഇന്ത്യ-പാകിസ്താൻ മത്സരം സെപ്റ്റംബർ 14നാണ് നടക്കുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) അധ്യക്ഷൻ മുഹ്സിൻ നഖ്വിയാണ് ടൂർണമെന്റ് നടക്കുന്ന തീയതി എക്സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചത്.
ദുബൈയിലും അബൂദബിയിലും നടക്കുന്ന മത്സരങ്ങളുടെ ക്രമം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ 10ന് യു.എ.ഇക്ക് എതിരെയാണ്. മലയാളികൾ അടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന യു.എ.ഇ ടീമും ഇന്ത്യൻ ടീമും തമ്മിലുള്ള മത്സരം ശ്രദ്ധേയമായിരിക്കും. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് മറ്റു ടീമുകളെക്കാൾ സാധ്യതയേറെയാണ്. അടുത്തവർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിന് മുന്നോടിയായാണ് ഏഷ്യ കപ്പ് ട്വന്റി20 ടൂർണമെന്റായി നടത്താൻ തീരുമാനിച്ചത്.
ഈ വർഷം ഫെബ്രുവരിയിൽ യു.എ.ഇയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കുശേഷം വലിയ കാത്തിരിപ്പില്ലാതെയാണ് വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് ഇമാറാത്ത് വേദിയാകുന്നത്. ഇന്ത്യ കപ്പുയർത്തിയ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റുപോയിരുന്നത്. എക്കാലവും യു.എ.ഇയിലെ ഇന്ത്യയുടെ മത്സരങ്ങൾ ആവേശപൂർവമാണ് പ്രവാസികൾ സ്വീകരിച്ചത്. അതിനാൽ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റും പ്രതീക്ഷാപൂർവമാണ് പ്രവാസികൾ വരവേൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.