ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് കോറിഡോർ വിപുലീകരിക്കുന്നു
text_fieldsദുബൈ വിമാനത്താവളത്തിലെ ‘റെഡ് കാർപറ്റ്’ സ്മാർട്ട് കോറിഡോർ
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3ൽ ആരംഭിച്ച ‘റെഡ് കാർപെറ്റ്’ സ്മാർട്ട് കോറിഡോറുകൾ കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കുന്നു. യാത്രക്കാർക്ക് അത്യാധുനിക സേവനം ലഭ്യമാക്കുന്നതിനാണ് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദുബൈ എയർപോർട്സുമായി സഹകരിച്ച് അടുത്തിടെ ആരംഭിച്ച നിർമ്മിതബുദ്ധി(എ.ഐ) അധിഷ്ഠിത സംവിധാനം യാത്രക്കാർക്ക് രേഖകൾ ഹാജരാക്കാതെ തന്നെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നതാണ്.
സ്മാർട്ട് കോറിഡോറുകൾ ഒരേസമയം 10 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. യാത്രക്കാരന്റെ പ്രോസസിങ് സമയം വെറും 6 മുതൽ 14 സെക്കൻഡ് മാത്രമാണ്. ലോകത്തെ ആദ്യത്തെ അതിവേഗ എമിഗ്രേഷൻ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ ഏറ്റവും പുതിയ ബയോമെട്രിക് ഐഡന്റിഫിക്കേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർ കോറിഡോറിലൂടെ നടന്നുപോകുമ്പോൾ സ്മാർട്ട് സെൻസറുകൾ അവരുടെ മുഖം സ്കാൻ ചെയ്യുകയും വ്യക്തിയെ തിരിച്ചറിയുകയും ചെയ്യും. എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കിൽ സിസ്റ്റം തന്നെ കൂടുതൽ പരിശോധനക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് അയക്കും.
യാത്രാ രേഖകളില്ലാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ യാത്രക്കാരുടെ മുഖം തിരിച്ചറിയാൻ സാധിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാക്കുകയും ചെയ്യും. സംശയാസ്പദരായ ആളുകളെ കണ്ടെത്താനും നിയമലംഘനങ്ങൾ തിരിച്ചറിയാനും ഈ സാങ്കേതികവിദ്യ സഹായിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബങ്ങൾക്കും വലിയ ഗ്രൂപ്പുകൾക്കും ഒരുമിച്ച് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഈ സംവിധാനത്തിൽ സാധിക്കും. നിലവിൽ ടെർമിനൽ 3ലെ ചില യാത്രക്കാർക്ക് ഇത് ലഭ്യമാണ്. കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കുന്നതിലൂടെ യാത്രക്കാർക്ക് അതിവേഗവും തടസ്സരഹിതവുമായ അനുഭവം നൽകാൻ കഴിയുമെന്ന് അധികൃതർ വിലയിരുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.