ദുബൈ അൽ റുവയ്യയിൽ പുതിയ ഡ്രൈവർ പരിശീലന കേന്ദ്രത്തിന് അനുമതി
text_fieldsഅൽ റുവയ്യയിലെ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിങ് കേന്ദ്രം
ദുബൈ: അൽ റുവയ്യ 3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിങ് കേന്ദ്രത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അനുമതി നൽകി. എമിറേറ്റിലുടനീളം സേവനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും വർധിപ്പിക്കുകയാണ് ആർ.ടി.എ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫസ്റ്റ് ഡ്രെവിങ് സെന്‍ററാണ് കേന്ദ്രം പ്രവർത്തിപ്പിക്കുന്നത്. ഇതോടെ ഡ്രൈവർ പരിശീലന, ലൈസൻസിങ് കേന്ദ്രങ്ങളുടെ എണ്ണം 28ആയിട്ടുണ്ട്.
പുതിയ കേരന്ദം നിലവിൽ തന്നെ സേവനം നലകിത്തുടങ്ങിയിട്ടുണ്ട്. ട്രാഫിക് ഫയൽ ഓപണിങ്, പരിശീലനം, തിയറി-പ്രാക്ടിക്കൽ ടെസ്റ്റിങ്, മോട്ടോർസൈക്കിളുകൾക്കും ലൈറ്റ് വെഹിക്കിളുകൾക്കും ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുക എന്നിവ സേവനങ്ങളിൽ ഉൾപ്പെടും. ഹെവി വാഹനങ്ങൾ, ബസുകൾ, മെക്കനിക്കൽ ഉപകരണങ്ങൾ എന്നിവക്കുള്ള ലൈസൻസുകളും അനുവദിക്കുന്ന രീതിയിൽ സേവനം വൈകാതെ വിപുലീകരിക്കും.
തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിവസങ്ങളിൽ രാവിലെ 7മുതൽ വൈകു. 8വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 7മുതൽ ഉച്ച 12.30വരെയും, ഉച്ചക്ക് ശേഷം 2മുതൽ രാത്രി 8വരെയും കേന്ദ്രം പ്രവർത്തിക്കും. ശനിയാഴ്ചകളിൽ പ്രവർത്തന സമയം രാവിലെ 7മുതൽ വൈകു. 8വരെയുമാണ്. ഞായറാഴ്ചകളിൽ കേന്ദ്രത്തിന് അവധിയാണ്. അതേസമയം ഷെഡ്യൂൾ ചെയ്ത പ്രാക്ടിക്കൽ പരിശീലന സെഷനുകൾ ആവശ്യമെങ്കിൽ ഞായറാഴ്ചയും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.