ദുബൈ മെട്രോ ശീതീകരണ സംവിധാനങ്ങൾ നവീകരിച്ചു
text_fieldsദുബൈ മെട്രോ ശീതീകരണ സംവിധാനങ്ങൾ നവീകരിക്കുന്നു
ദുബൈ: നഗരത്തിലെ മെട്രോ പാതയിലെ ശീതീകരണ സംവിധാനങ്ങളും വെന്റിലേഷൻ ഉപകരണങ്ങളും അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുന്നതിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി. റെഡ്, ഗ്രീൻ ലൈനുകളിലെ വിവിധ സ്റ്റേഷനുകളിലും ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ കീഴിലെ റെയിൽ ഏജൻസി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. യാത്രക്കാരുടെ സൗഖ്യവും സന്തോഷവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. മെട്രോ പാതയുടെ പ്രവർത്തന കാര്യക്ഷമത, സംവിധാനത്തിന്റെ ദീർഘകാല സുസ്ഥിരത എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ആർ.ടി.എയും മെട്രോ ഓപറേറ്റർമാരായ കിയോലിസ് എം.എച്ച്.ഐയും ചേർന്നാണ് സേവന ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുന്ന സംരംഭം നടപ്പിലാക്കിയത്. പ്രത്യേകിച്ച് രാജ്യത്ത് വേനൽ കടുത്ത സാഹചര്യത്തിൽ സേവനങ്ങൾ ഏറ്റവും മികച്ചതാക്കാൻ ഇത് സഹായിക്കും.ആകെ 876 വെന്റിലേഷൻ, എ.സി സംവിധാനങ്ങളാണ് അറ്റകുറ്റപ്പണി നടത്തിയത്. 14 സ്റ്റേഷനുകളിലും രണ്ട് കാർ പാർക്കിങ് സംവിധാനങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കിയത്. 13 സ്റ്റേഷനുകളിലെ സംവിധാനങ്ങളാണ് പദ്ധതിയുടെ ആദയ ഘട്ടത്തിൽ നവീകരിച്ചിരുന്നത്. ഗൾഫ് മേഖലയിലെ കടുത്ത ചൂട് എല്ലാ പൊതുഗതാഗത സംവിധാനങ്ങൾക്കും ഭീഷണിയുയർത്തുന്നതാണ്. മിനിറ്റുകൾക്കം ട്രെയിനുകൾ വന്നുപോകുന്നതിനാൽ വലിയ അളവിൽ ചൂട് മെട്രോ സ്റ്റേഷനുകളിൽ പ്രവേശിക്കും.
അതിനാൽതന്നെ നിശ്ചിത താപനിലയിൽ അന്തരീക്ഷം നിലനിർത്തുന്നത് വളരെ ശ്രമകരമായ പ്രവർത്തനമാണ്. ദുബൈ മെട്രോ സ്റ്റേഷനുകളിൽ 24, 25 ഡിഗ്രി സെൽഷ്യസ് താപനിലയാണ് നിലനിർത്തുന്നത്. ഇത് യാത്രക്കാർക്ക് പ്രയാസരഹിതമായ സഞ്ചാരത്തിന് സഹായിക്കുന്നു. പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പിലാക്കാനുള്ള മുന്നൊരുക്കങ്ങൾ നടന്നുവരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.