Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഇവിടം സുരക്ഷിതമാണ്’;...

‘ഇവിടം സുരക്ഷിതമാണ്’; ദുബൈ ജീവിതത്തിന് ഒരു വർഷമാകവേ, നഗരത്തെ പ്രകീർത്തിച്ച് ബ്രെറ്റ് ലീ

text_fields
bookmark_border
Brett Lee
cancel

ദുബൈ: ബാറ്റ്സ്മാൻമാരുടെ സ്വപ്നങ്ങളിൽ തീമഴ വർഷിച്ച ആ അതിവേഗ ബൗളർ ദുബൈയുടെ സുരക്ഷിതത്വത്തിൽ ശാന്തനാണിപ്പോൾ. ദുബൈ അയാൾക്കിപ്പോൾ വെറുമൊരു താൽക്കാലിക താവളമല്ല, മറിച്ച് സ്വന്തം വീടുതന്നെയാണ്. ഇവിടുത്തെ ജീവിതം കൊണ്ട് ആ സ്നേഹവും പാരസ്പര്യവും ആസ്ട്രേലിയയുടെ ക്രിക്കറ്റ് ഇതിഹാസം സാക്ഷ്യപ്പെടുത്തുന്നു.

മേഖലയിലെ അസ്വസ്ഥതകൾക്കിടയിൽ ആസ്‌ട്രേലിയയിലെ സുഹൃത്തുക്കൾ പരിഭ്രാന്തരായി നാട്ടിലേക്ക് തിരികെ വിളിച്ചപ്പോഴും ദുബൈ വിട്ടുപോകാൻ ബ്രെറ്റ് ലീ തയാറല്ല. കുടുംബജീവിതത്തിലും ബോളിവുഡ് സ്വപ്നങ്ങളിലുമെല്ലാം ദുബൈ പകർന്ന ശാന്തതയുടെ കഥയാണ് ‘ഗൾഫ് ടൈംസി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിക്കുന്നത്.

തന്റെ കുടുംബത്തെ യു.എ.ഇ.യിലേക്ക് മാറ്റിയ തീരുമാനം നൂറു ശതമാനം ശരിയായിരുന്നുവെന്ന വിശ്വാസം കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഉറപ്പിച്ചതായി ലീ പറയുന്നു. ‘കഴിഞ്ഞ 12 ആഴ്ചയായി പലരും എനിക്ക് മെസ്സേജ് അയക്കുന്നുണ്ട്. അവിടുത്തെ അവസ്ഥ എന്താണ്? നീ അവിടെനിന്ന് പോരുന്നുണ്ടോ?' എന്ന്. ഒരിക്കലുമില്ല. ഇവിടുത്തെ ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികളുടെ പ്രവർത്തനങ്ങളിൽ ഞാൻ അത്യധികം സന്തുഷ്ടനാണ്’ -ലീ വിശദീകരിച്ചു.

ഒരു വർഷം മുമ്പ് ഭാര്യ ലാനയ്ക്കും മക്കൾക്കുമൊപ്പം ദുബൈയിലേക്ക് മാറിയത് സാമ്പത്തിക താൽപര്യങ്ങളാലോ സെലിബ്രിറ്റി പകിട്ടിനോ വേണ്ടിയല്ലെന്ന് ലീ തന്നെ പറയും. ‘മികച്ച ജീവിതശൈലിയും സുരക്ഷിതത്വവും മുൻനിർത്തിയും മക്കൾക്ക് വിശാലമായ ലോകവീക്ഷണം നൽകാനുമായിരുന്നു അത്. ലോകകപ്പ് കുതിരപ്പന്തയത്തിനിടയിൽ ദുബൈ ഭരണാധികാരിയെ കണ്ടപ്പോൾ, ഞങ്ങളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം ദുബൈ തന്നെയാണ്’ -ആവേശത്തോടെ ലീ കൂട്ടിച്ചേർക്കുന്നു.

*എന്തുകൊണ്ട് ദുബൈ?

സ്ഥിരമായി ദുബൈയിലേക്ക് മാറുന്നതിനെക്കുറിച്ച് രണ്ട് വർഷം മുമ്പ് ആരെങ്കിലും തന്നോട് ചോദിച്ചിരുന്നെങ്കിൽ ചിരിച്ചുതള്ളുമായിരുന്നു എന്ന് ലീ സമ്മതിക്കുന്നു. ‘ആസ്‌ട്രേലിയയിൽ ഞങ്ങളുടേത് മികവുറ്റ ജീവിതമായിരുന്നു. മികച്ച സ്കൂളുകളും മഹത്തായ സമൂഹവും സംസ്കാരവുമുള്ള മനോഹര ജീവിതം അവിടെയുണ്ടായിരുന്നു. എങ്കിലും, ഉള്ളിൽ ഒരു മാറ്റം വേണമെന്ന ആഗ്രഹം കലശലായിരുന്നു. പുതിയൊരു വ്യത്യസ്ത ജീവിതശൈലി വേണമെന്ന തോന്നൽ ശക്തമായി’.

ദുബൈ അത് കൃത്യമായി നൽകിയെന്ന് ബ്രെറ്റ് ലീ ഇപ്പോൾ പറയുന്നു. ‘അത് അവസരങ്ങളെക്കുറിച്ചായിരുന്നില്ല, മറിച്ച് ജീവിതശൈലിയെക്കുറിച്ചായിരുന്നു. അത് സംസ്കാരത്തെക്കുറിച്ചായിരുന്നു. ഞങ്ങളുടെ കുട്ടികൾക്ക് അവരുടെ ജീവിതം സ്വയം ആസ്വദിക്കാനും കണ്ടെത്താനുമുള്ള വഴികാട്ടുന്നതിനെക്കുറിച്ചായിരുന്നു. അവർ വെറും പാഠപുസ്തകങ്ങൾ മാത്രമല്ല, ജീവിതത്തെക്കുറിച്ചും വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചും കൂടിയാണ് പഠിക്കുന്നത്’.

ഇന്ന് ലീയുടെ മക്കൾ അറബിക് പഠിക്കുന്നു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സഹപാഠികളോടൊപ്പം കായികവിനോദങ്ങളിൽ ഏർപ്പെടുന്നു. ഒപ്പം, അതീവ സുരക്ഷിതവും സാമൂഹികവുമായ അന്തരീക്ഷത്തിലാണ് മക്കൾ വളരുന്നതെന്ന് അതീവ സംതൃപ്തിയോടെ ബ്രെറ്റ് ലീ പറയുന്നു. ‘പണ്ട് ദുബൈ എനിക്ക് ഒരു താൽക്കാലിക താവളം മാത്രമായിരുന്നുവെങ്കിൽ ഇന്ന് അങ്ങനെയല്ല. ദുബൈയെ എന്റെ സ്വന്തം വീടെന്നാണ് ഞാൻ വിളിക്കുന്നത്’.

2025 ഫെബ്രുവരിയിൽ ദുബൈയിലെത്തിയപ്പോഴാണ് ഇവിടെ താമസമാക്കിയാലോ എന്ന ചിന്ത ലീയുടെ ഉള്ളിൽ ഉദിച്ചത്. നാട്ടിൽപോയി കുടുംബത്തോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും സമ്മതം. അങ്ങനെ കഴിഞ്ഞ വർഷം ജൂണിൽ ദുബൈയിലേക്ക് സകുടുംബം മാറി. ഈ മാറ്റം അതിശയകരമാംവിധം സുഗമമായിരുന്നു എന്ന് ലീ പറയുന്നു. ആറും പത്തും വയസ്സുള്ള മക്കൾ, ഏകദേശം 200 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ അന്തരീക്ഷവുമായി നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞു. 19 വയസ്സുള്ള മൂത്ത കുട്ടിയും വളരെ സ്വാഭാവികമായി തന്നെ ദുബൈയോട് ഇണങ്ങിച്ചേർന്നു. ലീയുടെ ഇളയ മകൻ ഒരു ഫുട്ബാൾ അക്കാദമിയിൽ ചേർന്നു. മകൾ സംഗീതം, അഭിനയം എന്നിവയിൽ തനിക്കുള്ള കഴിവ് കണ്ടെത്തുകയും ചെയ്തു.

*ആ ആക്രമണോത്സുകത അഭിനയമായിരുന്നു!

കളിക്കളത്തിൽ ആക്രമണോത്സുകത കൊണ്ടാണ് ലീ വേറിട്ടുനിന്നത്. വിക്കറ്റ് വേട്ടയ്ക്ക് ശേഷമുള്ള 'ചെയിൻസോ' ആഘോഷം പ്രസിദ്ധമായിരുന്നു. എന്നാൽ, ആ ആക്രമണഭാവം അഭിനയമായിരുന്നുവെന്ന് ലീ തുറന്നുപറയുന്നു. ‘ക്രിക്കറ്റ് കളിക്കുന്നത് ഒരുതരം അഭിനയം പോലെയായിരുന്നു. മൈതാനത്തേക്ക് ഇറങ്ങുമ്പോൾ ഞാൻ വേറൊരു മനുഷ്യനാണ്. എനിക്ക് അവിടെ ആക്രമണകാരിയാകണമായിരുന്നു’.

എന്നാൽ, കളിക്കളത്തിന് പുറത്ത് ലീ തികച്ചും വ്യത്യസ്തനാണ്. ഇന്ന് അദ്ദേഹം ആരോഗ്യം, ദീർഘായുസ്, മാനസികാരോഗ്യം, സംഗീതം എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മർദങ്ങളിൽ നിന്ന് ലീയെ രക്ഷിച്ചത് സംഗീതമായിരുന്നു. മത്സരത്തിന് ശേഷം ഹോട്ടൽ മുറിയിലെത്തി ഗിറ്റാർ വായിക്കുന്നത് മാനസികാശ്വാസം നൽകിയിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

*ആശാ ഭോസ്ലെക്കൊപ്പം ഒരു ഗാനം

മൊഹാലിയിലെ ഹോട്ടൽ ലോബിയിൽ വെച്ച് അപ്രതീക്ഷിതമായാണ് ബോളിവുഡിലേക്ക് ലീ ‘ടേൺ ചെയ്യുന്നത്’. ഒരു മ്യൂസിക് പ്രൊഡ്യൂസർ വന്ന് പ്രശസ്ത ഗായിക ആശാ ഭോസ്ലെക്കൊപ്പം ഒരു ഗാനം ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും, ലീ തന്റെ മുറിയിൽ പോയി കേവലം 18 മിനിറ്റ് കൊണ്ട് ഒരു പ്രണയഗാനം എഴുതി. അത് പിന്നീട് വലിയ ഹിറ്റായി മാറി. സിഡ്നി ഓപ്പറ ഹൗസിൽ ആശക്കൊപ്പം ആ ഗാനം ലൈവായി പാടാൻ സാധിക്കാത്തതിൽ ലീക്ക് ഇന്നും വിഷമമുണ്ട്.

*ഷാരൂഖും ഐ.പി.എല്ലും

ഷാരൂഖ് ഖാനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് ലീയുടെ പ്രതികരണം. ‘അദ്ദേഹം ബോളിവുഡിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ നടനാണ്. അത്രയും വലിയ ഉയരങ്ങളിൽ എത്തിയിട്ടും ഏറെ വിനയാന്വതനാണ്. തികഞ്ഞ ജെന്‍റിൽമാനാണ് ഷാരൂഖ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് ടീമുകൾക്കൊപ്പമുള്ള ഐ.പി.എൽ കാലം മനോഹരമായിരുന്നു എന്ന് പറഞ്ഞ ലീ, ഇന്നത്തെ ട്വന്‍റി20 ക്രിക്കറ്റ് ബൗളർമാർക്ക് പേടിസ്വപ്നമാണെന്നും തുറന്നുപറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai lifebrett leeAustralian Cricket Team
News Summary - Dubai one year of life, Brett Lee praises the city
Next Story