സുരക്ഷ പാലിച്ചില്ല; ദുബൈയിൽ 41ജെറ്റ് സ്കീകൾ പിടിച്ചെടുത്ത് പൊലീസ്
text_fieldsദുബൈ കടലിൽ ജെറ്റ് സ്കീകളുടെ സുരക്ഷ പരിശോധന നടത്തുന്ന അധികൃതർ
ദുബൈ: കടലിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഉപയോഗിച്ച 41ജെറ്റ് സ്കീകൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്. ജെറ്റ് സ്കീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി നടത്തിയ വിപുലമായ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്. ആകെ 431 നിയമലംഘനങ്ങളാണ് പരിശോധനയിൽ രേഖപ്പെടുത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ ജെറ്റ് സ്കീകളാണ് പിടിച്ചെടുത്തിരിക്കുന്നത്.
ജെറ്റ് സ്കീകളുടെ ലൈസൻസ് കാലാവധി കഴിഞ്ഞതും നിയന്ത്രണമുള്ള മേഖലകളിലേക്ക് പ്രവേശിച്ചതും അടക്കമുള്ള നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഹോട്ടൽ ബീച്ചുകളിലും നീന്തലിന് നിശ്ചയിച്ച ഭാഗങ്ങളിലും പ്രവേശിക്കുന്നതിന് ജെറ്റ് സ്കീകൾക്ക് വിലക്കുണ്ട്. അതോടൊപ്പം ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കാത്തത്, പ്രായപൂർത്തിയാകാത്തവരുടെ ഉപയോഗം, നിശ്ചിത സമയത്തിലും കൂടുതൽ ഉപയോഗിക്കൽ, കൂടുതൽ പേരുമായി സഞ്ചരിക്കൽ എന്നിങ്ങനെയുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദുബൈ മാരിടൈം അതോറിറ്റിയുമായി(ഡി.എം.എ) സഹകരിച്ചാണ് ദുബൈ പൊലീസ് പരിശോധനകൾ നടത്തിയത്. കടൽ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തൽ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയതെന്ന് പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഡോ. ഹസൻ സുഹൈൽ പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ് മൂലമുള്ള പരിക്കുകൾ കുറക്കുക, ഗുരുതര സ്വഭാവങ്ങൾ കുറക്കാനായി നിയമലംഘനങ്ങൾ തടയുക എന്നിവയും പരിശോധനയുടെ ലക്ഷ്യങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഓരോന്നിനും പിഴ ചുമത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് ജെറ്റ് സ്കീ പ്രവർത്തിപ്പിച്ചാൽ 1,000 ദിർഹം, ലൈഫ് ജാക്കറ്റോ ഹെൽമെറ്റോ ധരിക്കാതിരുന്നാൽ 1,000 ദിർഹം, മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താൽ 2,000 ദിർഹം, നിയുക്ത മറൈൻ സ്‌പോർട്‌സ് ഏരിയകൾ പാലിക്കാത്തതിന് 1,000 ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുന്നത്. ദുബൈയിലെ വിവിധ തീരദേശ മേഖലകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന സമുദ്ര സുരക്ഷാ, രക്ഷാ പട്രോളിങുകളെ ബ്രി. ഡോ. ഹസൻ സുഹൈൽ പ്രസ്താവനയിൽ പ്രശംസിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.