ഊര്‍ജ പരിവര്‍ത്തനം; സഹകരണ കരാറിൽ ഒപ്പുവെച്ച് റാസല്‍ഖൈമ നഗരസഭ
text_fieldsറാസല്‍ഖൈമയില്‍ നടന്ന ചടങ്ങില്‍ കരാറില്‍ ഒപ്പുവെച്ച റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്തര് മുഹമ്മദ് ബിന്‍ ശക്കറും ചിയേറ്റി സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ഡോട്ട് ലൂയിഗി ഫെബോയും ഹസ്തദാനം നടത്തുന്നു
റാസല്‍ഖൈമ: ഊര്‍ജ പരിവര്‍ത്തനം, വ്യവസായിക കാര്യക്ഷമത, സുസ്ഥിര ഗതാഗതം തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് റാക് മുനിസിപ്പാലിറ്റിയും ഇറ്റലിയിലെ കൊമുനെ ഡി ചിയേറ്റി(ചിയേറ്റി നഗരസഭ)യും കരാറില്‍ ഒപ്പുവെച്ചു. വിജ്ഞാന കൈമാറ്റം മെച്ചപ്പെടുത്തുകയും സുസ്ഥിര വികസന സംരംഭങ്ങളെ പിന്തുണക്കുകയുമാണ് ലക്ഷ്യമെന്ന് കരാറില്‍ ഒപ്പുവെച്ച് റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്തര് മുഹമ്മദ് ബിന്‍ ശക്കറും ചിയേറ്റി സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ഡോട്ട് ലൂയിഗി ഫെബോയും വ്യക്തമാക്കി.
കൊമുനെ ഡി ചിയേറ്റിയുമായുള്ള സഹകരണം പ്രാദേശിക വ്യവസായങ്ങള്‍ക്ക് വികസന അവസരങ്ങള്‍ നല്‍കുന്നതിന് വഴി തുറക്കുമെന്ന് മുന്തര് മുഹമ്മദ് അഭിപ്രായപ്പെട്ടു. സുസ്ഥിരത എന്നത് പ്രാദേശിക പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര സഹകരണവും ആവശ്യമുള്ളതാണ്. പുതിയ കമ്പനികളെ എമിറേറ്റിലേക്ക് ആകര്‍ഷിക്കുന്നതിന് കരാര്‍ സഹായിക്കും. എമിറേറ്റിലുടനീളമുള്ള പങ്കാളികളുമായി സംഭാഷണം, ശിൽപശാല, ബിസിനസ് ഇടപെടലുകള്‍ എന്നിവക്കുള്ള വേദികള്‍ റാക് മുനിസിപ്പാലിറ്റി വാഗ്ദാനം ചെയ്യുന്നതായും മുന്തര് മുഹമ്മദ് തുടര്‍ന്നു. റാക് ഊര്‍ജ ഉച്ചകോടിയിലും മറ്റു പ്രാദേശിക സംരംഭങ്ങളിലും ഇറ്റാലിയന്‍ കമ്പനികളുടെ പങ്കാളിത്തം സുഗമമാക്കാന്‍ ചിയേറ്റി ലക്ഷ്യമിടുന്നതായി ചിയേറ്റി സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ഡോട്ട് ലൂയിഗി പറഞ്ഞു. ചിയേറ്റിയും റാക് നഗരസഭയും തമ്മിലുള്ള സഹകരണ കരാര്‍ രണ്ട് നഗരങ്ങള്‍ക്കും ആ മേഖലയിലെ പ്രദേശങ്ങള്‍ക്കും തുറന്നിടുന്നത് വലിയ അവസരങ്ങളാണ്. സംസ്കാരം, വ്യവസായം, സേവനങ്ങള്‍, പരിശീലനം തുടങ്ങിയവയില്‍ ആയിരം വര്‍ഷത്തോളം പഴക്കമുള്ള ചരിത്രനഗരമാണ് ചിയേറ്റി. ഇരു മേഖലകളിലും വളര്‍ച്ചക്കും വികസനത്തിനും സുപ്രധാന അവസരങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരമായി കരാര്‍ മാറുമെന്നും ഡോട്ട് ലൂയിഗി അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.