ഇത്തിഹാദ് റെയിൽ ഷാർജ യാത്ര എളുപ്പമാക്കും
text_fieldsഇത്തിഹാദ് റെയിൽ
ഷാർജ: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് റെയിൽ പാതയിൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നതോടെ ദുബൈ-ഷാർജ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷ. ഷാർജയിൽ ഇത്തിഹാദ് സ്റ്റേഷൻ നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കഴിഞ്ഞ വർഷമാണ് പുറത്തുവിട്ടത്. എമിറേറ്റിൽ സ്റ്റേഷൻ നിർമിക്കുന്നത് കൃത്യമായി ഏത് സ്ഥലത്താണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യൂനിവേഴ്സിറ്റി സിറ്റിക്ക് സമീപത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇവിടെ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ വരുന്നത് വിദ്യാർഥികൾക്കും അനുഗ്രഹമായിരിക്കും. അതോടൊപ്പം ഷാർജ വിമാനത്താവളത്തിനും സമീപത്തായാണ് സ്റ്റേഷൻ വരുന്നത്. ഈ പശ്ചാത്തലത്തിൽ എമിറേറ്റിന്‍റെ വികസനത്തിൽ കുതിച്ചുചാട്ടത്തിന് പുതിയ റെയിൽ പാത കാരണമാകുമെന്നാണ് കണക്കിലാക്കുന്നത്. യൂനിവേഴ്സിറ്റികളിലും കോളേജുകളിലും പ്രവേശനം വർധിക്കാനും മേഖലയിലെ പ്രോപ്പർട്ടി നിരക്ക് കൂടാനും ഷാർജ വഴിയുള്ള വിമാന യാത്രക്കാരുടെ എണ്ണം വർധിക്കാനും വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കാനും സാധ്യതയേറെയാണ്.
ദുബൈയിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ട്രെയിൻ സർവീസ് കൂടി വരുന്നതോടെ റോഡിൽ തിരക്കിന് ആനുപാതികമായ കുറവുണ്ടാകും. നിലവിൽ രാവിലെയും വൈകുന്നേരങ്ങളിൽ ഈ റൂട്ടിലുള്ള ഗതാഗതക്കുരുക്കിന് ആശ്വാസമാകാൻ ഇത് കാരണമാവുകയും ചെയ്യും. അടുത്ത വർഷം ഇത്തിഹാദ് റെയിൽ പാതയിൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിങ്ങനെ നിലവിൽ നാല് പാസഞ്ചർ സ്റ്റേഷനുകളാണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാസം റെയിൽപാതയിലെ നിർമാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 30വരെ ഷാർജയിലെ യൂനിവേഴ്സിറ്റി പാലത്തിന് സമീപം ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.
അബൂദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് നിലവിൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞ റെയിൽ പാത. മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക് ഇതുവഴി സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തിഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും. അബൂദബിയിൽ നിന്ന് ദുബൈ യാത്രക്ക് 57 മിനിറ്റ് മാത്രം മതിയാകും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിന്‍റെ യാത്ര മതി. വിവിധ എമിറേറ്റുകളിലെ വിനോദ സഞ്ചാരമേഖലക്കും പദ്ധതി കരുത്തു പകരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.