ഫ്ലൈ ദുബൈ 12 പുതിയ വിമാനങ്ങൾ സ്വന്തമാക്കുന്നു
text_fieldsദുബൈ: എമിറേറ്റ് ആസ്ഥാനമായ ഫ്ലൈ ദുബൈ വിമാനക്കമ്പനി ഈ വർഷം 12 പുതിയ വിമാനങ്ങൾ കൂടി സ്വന്തമാക്കുന്നു. ഇതിൽ ഏഴ് വിമാനങ്ങൾ ഇതിനകം കമ്പനിയുടെ വിമാനവ്യൂഹത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. വരുംമാസങ്ങളിൽ അഞ്ച് ബോയിങ് 737 മാക്സ് 8 വിമാനങ്ങൾ കൂടി കമ്പനിക്ക് സ്വന്തമാകും. പുതിയ ഏഴ് വിമാനങ്ങൾ കൂടി ചേർന്നതോടെ ആകെ വിമാനങ്ങളുടെ എണ്ണം 93 ആയി വർധിച്ചിട്ടുണ്ട്. 57 രാജ്യങ്ങളിലെ 135 ലക്ഷ്യ കേന്ദ്രങ്ങളിലേക്കാണ് ഫ്ലൈ ദുബൈ സർവീസ് നടത്തുന്നത്.
അതേസമയം നിലവിൽ ലക്ഷ്യമിട്ടതിലും 20 വിമാനങ്ങൾ കുറവാണ് കമ്പനിക്കുള്ളതെന്നും കഴിഞ്ഞ വർഷങ്ങളിൽ വിമാനങ്ങൾ ലഭിക്കുന്നതിനുണ്ടായ കാലതാമസമാണ് ഇത്തരത്തിൽ കുറവ് വരാനുണ്ടായതെന്നും കമ്പനി സി.ഇ.ഒ ഗൈഥ് അൽ ഗൈഥിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ലോകത്താകമാനം വിവിധ വിമാനക്കമ്പനികൾ സമാനമായ കാലാതാമസം വിമാനങ്ങൾ ലഭിക്കുന്നതിന് നേരിടുന്നുണ്ട്. ഈ വർഷം മാത്രം 11 പുതിയ കേന്ദ്രങ്ങളിലേക്ക് ഫ്ലൈദുബൈ സർവീസ് ആരംഭിച്ചിട്ടുണ്ട്. വേനൽകാല സീസണൽ കേന്ദ്രങ്ങളായ അൻടാലിയ, അൽ ആലമീൻ എന്നിവയും ദമാസ്കസ്, പെഷാവർ അടക്കമുള്ള സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും.
പുതുതായി യൂറോപ്പിലെ നാല് കേന്ദ്രങ്ങളിലേക്ക് കൂടി സർവീസ് ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വിമാന സർവീസ് ആരംഭിച്ച് അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമെന്ന നിലയിലെ ദുബൈയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതിവേഗം വളരുന്ന ദുബൈയിലെ വിമാന യാത്രാരംഗത്തെ സജീവ സാന്നിധ്യമാവുകയാണ് കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കുന്ന ഫ്ലൈ ദുബൈ. ഈ വർഷം ആദ്യ ആറുമാസം ദുബൈ വിമാനത്താവളത്തിൽ റെക്കോർഡ് സന്ദർശകരെത്തിയിരുന്നു. 98.8 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് വിമാനത്താവളം വഴി ജനുവരി മുതൽ ജൂൺ വരെ കടന്നുപോയത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി നിലനിർത്തിക്കൊണ്ട് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.