ആദ്യ ഹൈബ്രിഡ് ഹെലിപോര്‍ട്ട് രൂപരേഖക്ക് അംഗീകാരം
text_fieldsസായിദ് പോര്‍ട്ടിലെ അബൂദബി ക്രൂസ് ടെര്‍മിനലിലെ ഹൈബ്രിഡ് ഹെലിപോര്‍ട്ട് രൂപരേഖ അധികൃതർ പ്രദർശിപ്പിക്കുന്നു
അബൂദബി: രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് ഹെലിപോര്‍ട്ട് രൂപരേഖക്ക് അംഗീകാരം നല്കി യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ). സായിദ് പോര്‍ട്ടിലെ അബൂദബി ക്രൂസ് ടെര്‍മിനലിലാണ് ഹൈബ്രിഡ് ഹെലിപോര്‍ട്ട് തയാറാക്കുക. അബൂദബി എയര്‍ ടാക്സി പദ്ധതിയുടെ സുപ്രധാന നാഴികക്കല്ലാകുമിത്. പരമ്പരാഗത ഹെലികോപ്ടറുകളെയും ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഹൈബ്രിഡ് ഹെലിപോര്‍ട്ട്.
എ.ഡി പോര്‍ട്സ് ഗ്രൂപ്, ഫാല്‍കണ്‍ ഏവിയേഷന്‍ സര്‍വിസസ്, ആര്‍ചര്‍ ഏവിയേഷന്‍ എന്നിവ സംയുക്തമായാണ് ഹൈബ്രിഡ് ഹെലിപോര്‍ട്ട് നിര്‍മിക്കുക. പ്രതിവര്‍ഷം ആറരലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിക്കുന്ന സുപ്രധാന കപ്പല്‍യാത്ര കേന്ദ്രമായതിനാലാണ് സായിദ് പോര്‍ട്ടിനെ ഹൈബ്രിഡ് ഹെലിപോര്‍ട്ട് നിര്‍മിക്കാന്‍ തിരഞ്ഞെടുത്തത്. ഹൈബ്രിഡ് ഹെലിപോര്‍ട്ട് രൂപരേഖക്ക് അംഗീകാരം നല്‍കിയത് വ്യോമഗതാഗത രംഗത്ത് പുതിയ നൂറ്റാണ്ടിന്റെ രേഖപ്പെടുത്തലാണെന്ന് ജി.സി.എ.എ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു.
ആര്‍ച്ചര്‍ സി.ഇ.ഒയും സഹസ്ഥാപകനുമായ ആദം ഗോള്‍ഡ് സ്റ്റീന്, ഫാല്‍കണ്‍ ഏവിയേഷന്‍ സര്‍വിസസ് സി.ഇ.ഒ ക്യാപ്റ്റന്‍ രമന്ദീപ് ഒബ്റോയി, എ.ഡി പോര്‍ട്സ് ഗ്രൂപ്പിലെ ക്രൂസ് ബിസിനസ് സി.ഇ.ഒ നൂറ റാശിദ് അല്‍ ദാഹിരി തുടങ്ങിയവരും പദ്ധതിയെ പ്രശംസിച്ചു. അബൂദബിയിലെ വിവിധ നഗരങ്ങളിലേക്ക് പരിസ്ഥിതി സൗഹൃദ യാത്ര സാധ്യമാക്കുന്ന അബൂദബി എയര്‍ ടാക്സി സേവനം 2026ല്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. 2026ല്‍ പറക്കും ടാക്സികള്‍ക്ക് ടേക്ക്ഓഫ് ചെയ്യാനും ലാന്‍ഡിങ് നടത്താനും സര്‍വിസ് സൗകര്യമൊരുക്കുന്നതിനുമായി അല്‍ ബതീന്‍, യാസ് ഐലന്‍ഡ്, ഖലീഫ പോര്‍ട്ട് എന്നിവിടങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.