വിമാനമുടക്കം തുടർക്കഥ; ദുബൈ-കോഴിക്കോട് വിമാനം റദ്ദാക്കി
text_fieldsഅബൂദബി/ദുബൈ: എയർഇന്ത്യ എക്സ്പ്രസിൻറെ വിമാനം റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നത് തുടരുന്നു. അബൂദബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനം വെള്ളിയാഴ്ച വൈകിയതിന് പിന്നാലെ ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പോകേണ്ട ഐ.എക്സ് 346 വിമാനം റദ്ദാക്കി. വെള്ളിയാഴ്ച രാത്രി ബുക്കിങ് കൺഫർമേഷൻ ലഭിച്ചതിനെ തുടർന്ന് രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ പലരും റദ്ദാക്കിയ വിവരം അറിഞ്ഞത് കൗണ്ടറിൽവെച്ചാണ്. എയർഇന്ത്യ എക്സ്പ്രസ് അധികൃതരോട് വിവരം അന്വേഷിച്ചപ്പോൾ മെസേജ് അയച്ചിരുന്നുവെന്ന മറുപടിയാണ് ലഭിച്ചതെന്ന് വിമാനത്താവളത്തിൽ എത്തിയ ശേഷം മടങ്ങേണ്ടിവന്ന തിരൂർ സ്വദേശിയായ യാത്രക്കാരൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മാതാവിൻറെ മരണത്തെ തുടർന്ന് നാട്ടിലേക്ക് പോകാനെത്തിയ യാത്രക്കാരനും പിതാവിൻറെ അസുഖത്തെ തുടർന്ന് പോകാൻ ടിക്കറ്റെടുത്തയാളും ഈ വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായി. ഇവർ പിന്നീട് മറ്റു വിമാനങ്ങളിൽ വൈകി യാത്ര ചെയ്യേണ്ടിവന്നുവെന്നും സഹ യാത്രക്കാർ പറഞ്ഞു. ബുക്കിങ് കൺഫർമേഷൻ മെയിൽ വഴി അറിയിച്ച അധികൃതർ റദ്ദാക്കിയ വിവരം മെയിലിൽ അറിയിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
അതിനിടെ വെള്ളിയാഴ്ച വൈകുന്നേരം അബൂദബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസിൻറെ ഐ.എക്സ് 524 നമ്പർ വിമാനം പറന്നത് എട്ട് മണിക്കൂറിന് ശേഷം പുലർച്ചെ 1.10ന്. ഈ വിമാനത്തിൽ വൈകുന്നേരം 6.45ഓടെ യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ടേക്ക് ഓഫിന് തയാറെടുക്കുമ്പോൾ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് കാപ്റ്റൻ അറിയിക്കുകയായിരുന്നു.
റൺവേക്ക് അടുത്ത് നിർത്തിയിട്ട വിമാനത്തിൽ കടുത്തചൂടിൽ എ.സിയില്ലാതെ മണിക്കൂറുകൾ ഇരിക്കേണ്ടി വന്നതോടെ യാത്രക്കാർ പ്രയാസത്തിലായി. ഇവരെ മൂന്നര മണിക്കൂറിന് ശേഷം രാത്രി 10.15ഓടെയാണ് വിമാനത്തിൽ നിന്ന് ഇറക്കി ഭക്ഷണമടക്കം നൽകിയത്. എ.സിയില്ലാത്തതിനാൽ വിമാനത്തിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഏറെ പ്രയാസത്തിലായെന്ന് യാത്രക്കാർ പരാതിപ്പെട്ടിരുന്നു. പിന്നീട് 1.10നാണ് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അബൂദബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. രാവിലെ ഏഴു മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തിയെന്ന് യാത്രക്കാർ ‘ഗൾഫ് മാധ്യമ’ത്തെ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട വിമാനവും സമാനമായ രീതിയിൽ വൈകിയിരുന്നു. മണിക്കൂറുകൾ വിയർത്തൊലിച്ച് യാത്രക്കാർ വിമാനത്തിനകത്ത് തുടരേണ്ട അവസ്ഥയുമുണ്ടായി. രാവിലെ ഒമ്പതിന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പിന്നീട് പിറ്റേന്ന് രാവിലെയാണ് പുറപ്പെട്ടത്. പ്രവാസികൾക്ക് ചുരുങ്ങിയ ചിലവിൽ യാത്രാ സൗകര്യം ഒരുക്കുമ്പോഴും റദ്ദാക്കലും വൈകലും എയർഇന്ത്യ എക്സ്പ്രസിൻറെ ഖ്യാതിക്ക് മങ്ങലേൽപിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. അധികൃതർ അടിയന്തിര നടപടികൾ സ്വീകരിച്ച് കാര്യക്ഷമമായ സേവനം ഉറപ്പുവരുത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.