ജി.എസ്.ടി: ഗൾഫ് സ്വർണ വില കൂടുതൽ ആകർഷകമായി
text_fieldsദുബൈ: ഇന്ത്യയിൽ ചരക്കു സേവന നികുതി (ജി.എസ്.ടി) ശനിയാഴ്ച പ്രാബല്യത്തിൽ വന്നത് തങ്ങളെ എങ്ങനെ ബാധിക്കുമെന്ന അന്വേഷണത്തിലാണ് പ്രവാസികൾ. പ്രത്യക്ഷത്തിൽ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന നികുതി നിർദേശങ്ങളില്ലെങ്കിലും നാട്ടിലെ വിലയിലെ ഒാരോ കയറ്റിറക്കങ്ങളും സ്വാഭാവികമായും പ്രവാസിയുടെ പഴ്സിലും പ്രതിഫലിക്കും.
സ്വർണത്തിന് മൂന്നു ശതമാനം ജി.എസ്.ടി നാട്ടിലുണ്ടാക്കുന്ന വർധനവ് ഗൾഫ് സ്വർണത്തിന് വീണ്ടും പ്രിയം കൂട്ടും. സ്വർണം നാട്ടിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കൂടുതൽ ലാഭകരമാണ് ഇപ്പോൾ ഗൾഫിൽ നിന്ന് വാങ്ങുന്നത്. നാട്ടിൽ നേരത്തെ സ്വർണത്തിന് ഒരു ശതമാനം എക്സൈസ് തീരുവയും 1.2 ശതമാനം ശരാശരി വാറ്റുമാണ് ഇൗടാക്കിയിരുന്നത്. പുതിയ സംവിധാനത്തിൽ എക് സൈസ് തീരുവയും വാറ്റും ഒഴിവാക്കി മൂന്നു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തി. പണിക്കൂലിക്ക് അഞ്ചു ശതമാനം വേറെയും ജി.എസ്.ടിയുണ്ട്. കേരളത്തിൽ പണിക്കൂലിയടക്കം ആഭരണത്തിന് ജി.എസ്.ടി വന്നശേഷമുള്ള വർധനവ് 1.60 ശതമാനത്തോളമാണ്.
10 ശതമാനം കസ്റ്റംസ് തീരുവയുടെ വ്യത്യാസവും കൂടി ചേരുന്നതോടെ ഗൾഫിലെയും നാട്ടിലെയും സ്വർണവിലകൾ തമ്മിൽ 13ശതമാനത്തിെൻറ വ്യത്യാസം വരും. ഇന്നലെ ഒരു പവന് കേരളത്തിൽ നികുതിയടക്കം 22,536 രൂപയായിരുന്നെങ്കിൽ ദുബൈയിൽ അത് 19,880 രൂപ മാത്രമാണ് (1136 ദിർഹം). 2600 ലേറെ രൂപയുടെ വ്യത്യാസം
പ്രവാസി സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെയും പുരുഷന്മാർക്ക് അര ലക്ഷം രൂപയുടെയും ആഭരണങ്ങൾ വിദേശത്ത് നിന്ന് നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാം. ഇതിലധികമുള്ളവക്ക് 10 ശതമാനം ഇറക്കുമതി തീരുവ നൽകണം. എന്നാലും മൂന്നു ശതമാനത്തിെൻറ ലാഭം ഇന്ത്യയിലെ വിലയുമായുണ്ടാകും. ജി.എസ്.ടി വന്നതോടെ എല്ലാവരും നികുതി വലയത്തിൽ വരുന്നത് വൻകിട ജ്വല്ലറി ഗ്രൂപ്പുകൾക്ക് ഗുണം ചെയ്യുമെന്ന് മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇൻറർനാഷണൽ ഒാപ്പറേഷൻസ് എം.ഡി ഷംലാൽ അഹമദ് പറഞ്ഞു. അസംഘടിത സ്വർണവ്യപാര മേഖലയിൽ നിന്നുള്ള വിലയിലുള്ള മത്സരത്തെ ഇതുവഴി നേരിടാനാകും. ഏതായാലും അടുത്തവർഷം യു.എ.ഇയിൽ വാറ്റ് നടപ്പാകുന്നതോടെ ഇൗ അന്തരം ഇല്ലാതാകും.
അതേസമയം സേവന നികുതിയിലുള്ള വർധനവ് നാട്ടിലേക്ക് പണമയക്കാനുള്ള ചെലവേറ്റുമോ എന്ന ആശങ്ക പ്രവാസികൾക്കുണ്ട്.ഇന്ത്യയിലേക്ക് പണമയക്കാൻ വിദേശത്തെ എക്സ്ചേഞ്ച് ഹൗസുകൾ നാട്ടിലെ ബാങ്കുകൾ ഉൾപ്പെടെയുള്ള ഇടനിലക്കാർക്ക് നൽകുന്ന ഫീയുടെ സേവന നികുതി 15ൽ നിന്ന് 18 ശതമാനമാക്കിയിട്ടുണ്ട്. ഇൗ അധികഭാരം വിദേശ പണമടവ് സ്ഥാപനങ്ങളിൽ നിന്ന് ഇൗടാക്കാൻ തീരുമാനിച്ചാൽ അതി െൻറ ഭാരം ആത്യന്തികമായി സാധാരണ ഉപഭോക്താക്കളിലെത്താൻ സാധ്യതയുണ്ട്.
10 ശതമാനം മാത്രമായിരുന്ന സേവന നികുതി മൂന്നു തവണയായി വർധിച്ചാണ് ഇപ്പോൾ 18 ൽ എത്തിനിൽക്കുന്നത്. ധനിവിനിമയ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരത്തിെൻറ ഭാഗമായി നേരത്തെയുള്ള വർധനവ് ഉപഭോക്താക്കളിലെത്തിയിരുന്നില്ല. എന്നാൽ പണമയക്കുന്ന നിരക്കിൽ ഉടനെയൊന്നും വർധനവുണ്ടാകില്ലെന്ന് യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.ജി.എസ്.ടി നാട്ടിൽ നിർമാണ മേഖലയിൽ ചെലവും അതുവഴി റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ വിലയും കുറക്കുന്നത് പ്രവാസികൾക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധനായ ഭാസ്കർ രാജ് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.