500ലധികം എൻട്രികൾ; മണവാട്ടിയാകാൻ അഞ്ചു ഫൈനലിസ്റ്റുകൾ
text_fieldsദുബൈ: യു.എ.ഇയുടെ 55-ാമത് ദേശീയ ദിനം മലയാളത്തിന്‍റെ പ്രിയതാര ജോഡികൾക്കൊപ്പം ആഘോഷിക്കാൻ യു.എ.ഇ ഒരുങ്ങുന്നു. ‘വനോറ ഓർഗാനിക്സ് ഹല മോഹൻലാൽ’ മെഗാ ഷോ മോഹൻലാൽ-മഞ്ജു വാര്യർ ഇഷ്ട കൂട്ടുകെട്ടിനൊപ്പം ആഘോഷമാക്കാൻ ഡിസംബർ രണ്ടിന് ദുബായ് കൊക്കകോള അരീനയിൽ വേദിയൊരുങ്ങുന്നു.
വനോറ ഓർഗാനിക്സ് ഹല മോഹൻലാൽ ഷോയിൽ മെറാൾഡ ജ്വല്ലേഴ്സ് സ്റ്റാർ ബ്രൈഡിന്‍റെ ഭാഗമായി ലാലേട്ടൻ പങ്കെടുക്കുന്ന കല്ല്യാണാഘോഷത്തിൽ മണവാട്ടിയാകാനുള്ള ഓഡിഷനിൽ 500ലധികം എൻട്രികളാണ് ആദ്യ ഘട്ടത്തിൽ ലഭിച്ചത്. ലാലേട്ടനൊപ്പം വേദിയിൽ മണവാട്ടിയാകാൻ ക്ഷണിച്ച കാസ്റ്റിങ്ങ് കോളിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകരായ ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങ് അറിയിച്ചു. ഞായറാഴ്ച യു.ഡബ്ല്യൂ മാളിൽ നടന്ന ഓഡിഷനിൽ 500ലധികം എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത 16 പേരാണ് വിവിധ റൗണ്ടുകളിൽ മത്സരിച്ചത്. അതിൽ നിന്നും ഫൈനലിസ്റ്റുകളായ അഞ്ചുപേരെ തിരഞ്ഞെടുത്തു. ഇവരിൽ ഒരാൾ മണവാട്ടിയും, മറ്റ് നാല് പേർ തോഴികളുമായി തിരഞ്ഞെടുക്കപ്പെടും. അമൂല്ല്യ ആന്‍റണി, ജൽവ ലത്തീഫ്, അയ്ന മാത്യു, ആയിഷ ഖാദർ, ഒലീവിയ ഒൽവിൻ എന്നിവരാണ് ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ടവർ.
മണവാട്ടിയെയും തോഴിമാരെയും തിരഞ്ഞെടുക്കുന്ന ഓഡിഷനിൽ പങ്കെടുത്ത മത്സരാർഥികൾ ജൂറി അംഗങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വനോറ ഓർഗാനിക്സ് ഹല മോഹൻലാൽ ഷോയുടെ ഡയറക്ടറായ അജിത്ത്, ഹിറ്റ് എഫ്.എം ആർ.ജെ ജീൻ മാർക്കോസ്, നടി ജ്യോതി കൃഷ്ണ എന്നിവർ ഓഡിഷനിൽ ജൂറി അംഗങ്ങളായി പങ്കെടുത്തു. ലാൽ കെയേഴ്സും എം.എഫ്.സി.ഡബ്ല്യു.എയും ചേർന്ന് കാണികളെ ആവേശം കൊള്ളിച്ച പരിപാടികളാൽ ഓഡിഷൻ ചടങ്ങിനെ വർണാഭമാക്കി. യു.എ.ഇയിലെ 20നും 26നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് ഓഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന മണവാട്ടിക്കും തോഴിമാർക്കും ലാലേട്ടനും, മഞ്ജുവാര്യരും മറ്റ് വൻ താരനിരയും പങ്കെടുക്കുന്ന മെഗാ ഷോ വേദി പങ്കിടാം.
‘വനോറ ഓർഗാനിക്സ് ഹല മോഹൻലാൽ ദ കംപ്ലീറ്റ് ലാലേട്ടൻ ഷോ’ യുടെ ഫേസ് വൺ ടിക്കറ്റുകളുടെ ബുക്കിങ്ങ് സമാപിച്ചു. ഫേസ് 2 ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ 10 ശതമാനം കിഴിവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എന്നാൽ ഫേസ് 2 ലും ബ്രോൺസ് കാറ്റഗറിയിലെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ബുർജ് ഖലീഫ മെട്രോ സ്റ്റേഷനെയും, കൊക്കക്കോള അരീനയെയും ബന്ധിപ്പിക്കുന്ന പുതിയ 110 മീറ്റർ നടപ്പാലം തുറന്നതോടെ ഇനി സന്ദർശകർക്ക് കൊക്കകോള അരീനയിലേക്ക് അനായാസം നടന്നെത്താനാവും.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഈ മേഖലയിലെ വമ്പൻ വേദിയായ കൊക്കകോള അരീനയിലേക്ക് മോഹൻ ലാൽ തിരിച്ചുവരുന്ന ഈ ആഘോഷത്തിന്‍റെ ഔദ്യോഗിക ഫിൻടെക് പങ്കാളിയാകുന്നത് ആസ്പോറയാണ്. മലയാള സിനിമാ ലോകത്തെ പ്രിയ താരങ്ങളായ കലാഭവൻ ഷാജോൺ, അസീസ് നെടുമങ്ങാട്, നിയാസ് ബക്കർ, വിനോദ് കോവൂർ, റിയാസ് നർമകല, സൗമ്യ ഭാഗ്യൻ പിള്ള എന്നിവർ ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കവുമായി വേദിയിൽ നിറയും. ഒപ്പം മലയാളി ഹൃദയത്തിൽ ചേർത്തുവെച്ച ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഷാഫി കൊല്ലം എന്നിവരും ഇഷ്ടം നിറച്ച പാട്ടുകളുമായെത്തും. ട്രെൻഡ് സെറ്റർ ഡാൻസ് നമ്പറുകളുമായി ഡാൻസിങ് സെൻസേഷനലുകളായ സാനിയ ഇയ്യപ്പൻ, റംസാൻ, മോക്ഷ, ഡയാന ഹമീദ് എന്നിവരും വനോറ ഓർഗാനിക്സ് ഹല മോഹൻലാൽ വേദിയെ ഹരം കൊള്ളിക്കും.

