യു.എ.ഇയിൽ ചൂട് കനക്കും; മഴയും പ്രതീക്ഷിക്കാം
text_fieldsഷാർജയുടെ മധ്യ മേഖലയിൽ ഞായറാഴ്ച പെയ്ത മഴയുടെ ദൃശ്യം
ദുബൈ: രാജ്യത്തെ മിക്ക സ്ഥലങ്ങളിലും തിങ്കളഴാ്ച കനത്ത ചൂടും ഈർപ്പവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ പ്രവചനം. തീരദേശ മേഖലകളിൽ 43ഡിഗ്രിയും അൽഐനിലെയും തെക്കൻ അബൂദബിയിലെയും ഉൾപ്രദേശങ്ങളിൽ 49ഡിഗ്രി വരെയും ചൂടാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ചില പ്രദേശങ്ങളിൽ ശക്തമായ മഴയും പ്രവചിക്കപ്പെടുന്നുണ്ട്. അൽഐൻ, അൽ ദഫ്റ തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അൽഐനിൽ മഴ പ്രവചിക്കുന്നുണ്ട്. ഞായറാഴ്ച ഷാർജയുടെ മധ്യ മേഖലയിലും മറ്റു ചില സ്ഥലങ്ങളിലും മഴ രേഖപ്പെടുത്തിയിരുന്നു.
ഡ്രൈവർമാർ മഴ സമയങ്ങളിൽ മാറിവരുന്ന വേഗപരിധി ശ്രദ്ധിക്കണമെന്നും വാദികളിൽ ഇറങ്ങരുതെന്നും ഫസ്റ്റ് എയ്ഡ് കിറ്റുകൾ കരുതണമെന്നും അബൂദബി മീഡിയ ഓഫീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ വർഷം വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് ലഭിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നനത്. കഴിഞ്ഞ വർഷം വർഷങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച വർഷമാണ് രാജ്യത്ത് കടന്നുപോയത്.
ആഗസ്റ്റ് 10 വരെയുള്ള രണ്ടാഴ്ച രാജ്യത്ത് ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഈ വർഷം കനത്ത ചൂടിന്‍റെ അവസാന ഘട്ടമാണിത്. ആഗസ്റ്റ് 10ന് ശേഷം ചൂടിന്‍റെ കാഠിന്യം പതിയെ കുറഞ്ഞ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും സെപ്റ്റംബർ അവസാനം വരെയെങ്കിലും കനത്ത ചൂട് തന്നെയായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.