Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ നിർമാണ യൂനിറ്റ് സ്ഥാപിച്ച് ഹോട്ട്‌പാക്ക്; പ്രൈഡ് പാക്കേജിങ്ങുമായി കരാറൊപ്പിട്ടു

text_fields
bookmark_border
മസ്‌കറ്റിൽ നടന്ന ‘ഇൻസ്പയർ ഒമാൻ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ്’ വേദിയിലാണ് ധാരണാപത്രം ഒപ്പിട്ടത്
ഒമാനിൽ നിർമാണ യൂനിറ്റ് സ്ഥാപിച്ച് ഹോട്ട്‌പാക്ക്; പ്രൈഡ് പാക്കേജിങ്ങുമായി കരാറൊപ്പിട്ടു
cancel

ദുബൈ: ഗൾഫ് വിപണിയിലെ നിർമാണ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിങ്​ നിർമാണ സ്ഥാപനമായ ഹോട്ട്‌പാക്ക് ഒമാനിൽ പ്രവർത്തനം ആരംഭിക്കുന്നു. ഒമാനിലെ പ്രമുഖ പാക്കേജിങ്​ സ്ഥാപനമായ പ്രൈഡ് പാക്കേജിങ്ങുമായി ചേർന്ന് ഒമാനിലെ ബർകയിലാണ് കമ്പനി പുതിയ സംയോജിത പാക്കേജിങ്​ നിർമാണ സമുച്ചയം സ്ഥാപിക്കുന്നത്. ഒമാനിലെ അറിയപ്പെടുന്ന സീ പ്രൈഡ് ഗ്രൂപ്പിന്‍റെ കീഴിലുള്ള സ്ഥാപനമാണ് പ്രൈഡ് പാക്കേജിങ്​.

മസ്‌കറ്റിൽ നടന്ന ‘ഇൻസ്പയർ ഒമാൻ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ്’ വേദിയിലാണ് ഇരു കമ്പനികളും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി..സി.ഐ) ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ അബ്ദുല്ല അൽ റവാസ്തു, ഹോട്ട്‌പാക്ക് ഗ്രൂപ്പ് സി.ഒ.ഒ പി.ബി. സൈനുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഒമാന്‍റെ വടക്കൻ തീരമേഖലയിൽ വിവിധ പാക്കേജിങ്​ ഉൽപന്നങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന വലിയൊരു നിർമാണ കേന്ദ്രമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.

ഏകദേശം മൂന്ന് പതിറ്റാണ്ടായി ഒമാൻ വിപണിയിൽ പ്രവർത്തിക്കുന്ന ഹോട്ട്പാക്കിന്‍റെ രാജ്യത്തെ ആദ്യ പ്രാദേശിക നിർമാണ കേന്ദ്രമാണിത്. സുസ്ഥിരവും പുനരുപയോഗം നടത്താവുന്നതുമായ പാക്കേജിങ്​ ഉൽപ്പന്നങ്ങൾക്കായുള്ള മേഖലയിലെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ ഈ സംരംഭം സഹായിക്കുമെന്ന് ഹോട്ട്‌പാക്ക് ഗ്രൂപ്പ് സി.ഇ.ഒ പി.ബി. അബ്ദുൽ ജബ്ബാർ വ്യക്തമാക്കി.

ഒമാൻ വിഷൻ 2040നും രാജ്യത്തിന്‍റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും അനുസൃതമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഹോട്ട്‌പാക്കിന്‍റെ അന്താരാഷ്ട്ര നിർമാണ പരിചയവും പ്രൈഡ് പാക്കേജിങ്ങിന്‍റെ പ്രാദേശിക വിപണി അറിവും ഒരുമിപ്പിക്കുന്നതിലൂടെ ഒമാനിലെ പാക്കേജിങ്​ വ്യവസായത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് സീ പ്രൈഡ് ഗ്രൂപ്പ് സി.ഇ.ഒ അമീൻ മുഹമ്മദ് സെയ്ത് പറഞ്ഞു. പ്രാദേശിക ഉൽപാദനം ശക്തിപ്പെടുത്തുന്നതിനൊപ്പം ഒമാനിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്‍റെ വ്യാവസായിക വളർച്ചക്ക്​ സംഭാവന നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ഹോട്ട്‌പാക്കിന്‍റെ വിഷൻ 2030 ആഗോള വിപുലീകരണ തന്ത്രത്തിന്‍റെ ഭാഗമായി 2023ൽ പ്രഖ്യാപിച്ച 100 കോടി ദിർഹമിന്‍റെ നിക്ഷേപ പദ്ധതിയുടെ തുടർച്ചയായാണ് ഒമാനിലെ ഈ പുതിയ സംരംഭം.

സൗദി അറേബ്യ, ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപുലീകരണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ഒമാന്‍റെ വ്യാവസായിക മേഖലയിലേക്കും കമ്പനി ചുവടുവെക്കുന്നത്. ഒമാൻ വിപണിയിൽ പ്രതിവർഷം 4.36 ശതമാനം സംയുക്ത വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന പാക്കേജിങ്​ മേഖലയിൽ വലിയ തോതിലുള്ള ഓർഡറുകൾ നിറവേറ്റാൻ പുതിയ കേന്ദ്രം സഹായിക്കും. നിലവിൽ 17 രാജ്യങ്ങളിലായി 25 നിർമാണ കേന്ദ്രങ്ങളുള്ള ഹോട്ട്‌പാക്ക്, 4,500-ലധികം ഉൽപന്നങ്ങൾ 107 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

ഭക്ഷ്യവ്യവസായം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ആരോഗ്യപരിചരണം തുടങ്ങി വിവിധ മേഖലകൾക്കായി അത്യാധുനിക പാക്കേജിങ്​ പരിഹാരങ്ങളാണ് കമ്പനി നൽകി വരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hotpack establishes manufacturing unit in Oman
Next Story