റാസല്‍ഖൈമയില്‍ വ്യവസായ, വാണിജ്യ ലൈസന്‍സുകളില്‍ വന്‍ വര്‍ധന
text_fieldsറാസല്‍ഖൈമ: എമിറേറ്റില്‍ പുതിയ വാണിജ്യ-വ്യവസായിക ലൈസന്‍സുകള്‍ അനുവദിച്ചതില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയവളില്‍ 1219 പുതിയ ലൈസന്‍സുകളാണ് റാക് ഇക്കണോമിക് ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഇ.ഡി) അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1037 ലൈസന്‍സുകളാണ് അനുവദിച്ചിരുന്നത്. 17.6 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വ്യവസായിക ലൈസന്‍സുകളില്‍ 111 ശതമാനം, പ്രഫഷനല്‍ ലൈസന്‍സ് 20 ശതമാനം, വാണിജ്യ ലൈസന്‍സുകള്‍ 12.60 ശതമാനം എന്ന രീതിയിലാണ് വര്‍ധന. ആകെ ലൈസൻസുകളുടെ 44.4 ശതമാനം രേഖപ്പെടുത്തിയ മൊത്ത-ചില്ലറ വ്യാപാര മേഖലയാണ് വളര്‍ച്ച നിരക്കില്‍ ഒന്നാമത്. 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ നിര്‍മാണ മേഖല, 13.2 ശതമാനം വളര്‍ച്ചയോടെ താമസ-ഭക്ഷ്യ സേവന മേഖല രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. മൂലധന നിക്ഷേപത്തിലും സുസ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തിയതായി ഡി.ഇ.ഡി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഈ വര്‍ഷാദ്യ പകുതിയില്‍ റാസല്‍ഖൈമയില്‍ രജിസ്റ്റര്‍ ചെയ്ത് പുതിയ ബിസിനസുകളില്‍ 7.5 ശതമാനം മൂലധന വളര്‍ച്ച കാണിച്ചിട്ടുണ്ട്. വ്യവസായിക ലൈസന്സുകളിലെ നിക്ഷേപം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വര്‍ധന രേഖപ്പെടുത്തി. അല്‍ ദൈത്ത് 8.7 ശതമാനം, അല്‍ നഖീല്‍ 8.4 ശതമാനം, അല്ഖുസൈദാത്ത്, ജുല്‍ഫാര്‍ 7.7 ശതമാനം എന്നിങ്ങനെയാണ് മേഖലകള്‍ തിരിച്ചുള്ള ലൈസന്‍സുകള്‍ അനുവദിച്ച മുന്‍നിര പ്രദേശങ്ങള്‍. നിലവിലുള്ള സജീവ ലൈസന്‍സുകളുടെ താരതമ്യത്തില്‍ 18.9 ശതമാനം ലൈസന്‍സുകളുമായി ഖലീഫ ബിന്‍ സായിദ് സിറ്റി ഒന്നാമതും 13.4 ശതമാനവുമായി ദഹാൻ രണ്ടാമതും 9.1 ശതമാനവുമായി അല്‍ ഗൈല്‍ മൂന്നാമതുമാണ്. പുതിയ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ അല്‍ ജസീറ അല്‍ ഹംറ മുന്നിലെത്തി. റാസല്‍ഖൈമയുടെ ചലനാത്മകമായ സമ്പദ് വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ് വാണിജ്യ-വ്യവസായ ലൈസന്‍സുകളുടെ പുതിയ സ്ഥിതി വിവരക്കണക്കുകളെന്ന് റാക് ഡി.ഇ.ഡി വാണിജ്യകാര്യ വകുപ്പ് ഡയറക്ടര്‍ ആമിന ഖഹ്താന് അഭിപ്രായപ്പെട്ടു. ഈ വളര്‍ച്ച രാഷ്ട്ര നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നിലപാടുകളുടെയും നിർദേശങ്ങളുടെയും ഫലമാണ്. നിക്ഷേപകര്‍ക്ക് ഗുണകരമായ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കുന്നതിന് വിപുലമായ പ്രോത്സാഹനങ്ങളും നടപടിക്രമങ്ങളുമാണ് റാസല്‍ഖൈമ അവതരിപ്പിച്ചിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.