ദുബൈയിൽ വാണിജ്യ വാഹനങ്ങളിൽ വൻ വർധന
text_fieldsദുബൈ: എമിറേറ്റിൽ വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ കഴിഞ്ഞ വർഷം 43 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. വാഹനങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ 33 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി. ദുബൈ ഇക്കണോമിക് അജണ്ടയായ ഡി 33യുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും സാമ്പത്തിക വാണിജ്യ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുമായി ആർ.ടി.എ തുടർന്നുവരുന്ന ശ്രമങ്ങളെ തുടർന്നാണ് ഈ വളർച്ച കൈവരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ആർ.ടി.എ ലൈസൻസിങ് ഏജൻസിയുടെ കമേഴ്സ്യൽ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം 867 റെന്റൽ കമ്പനികളാണ് എമിറേറ്റിൽ രജിസ്റ്റർചെയ്തിരിക്കുന്നത്. ഇതോടെ ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ആകെ കമ്പനികളുടെ എണ്ണം 3,494 ആയി ഉയർന്നു. 2023ൽ ഇത് 2,627 ആയിരുന്നു. 2024ൽ എമിറേറ്റിൽ വാടകക്ക് ഓടുന്ന വാണിജ്യ വാഹനങ്ങളുടെ എണ്ണം 71,040ലെത്തി. 2023ൽ വാഹനങ്ങളുടെ എണ്ണം 49,725 ആയിരുന്നു.
വാടകക്ക് നൽകുന്ന ഹെവി വാഹന മേഖലയിൽ 73 ശതമാനത്തിന്റെ വളർച്ചയും കൈവരിച്ചു. ഇലക്ട്രിക് വാഹന മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെയും വർധനയാണ് നേടിയത്. ഈ മേഖലകളിലേക്ക് സംരംഭകരെ ആകർഷിക്കുന്നതിൽ ദുബൈയുടെ മത്സരക്ഷമതയാണ് വാഹനങ്ങളുടെ എണ്ണത്തിലെ വർധന കാണിക്കുന്നതെന്ന് ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.