ഇത്തിഹാദ് റെയിൽ പാതക്ക് സമാരംഭം
text_fieldsഇത്തിഹാദ് റെയിൽ പാത തുറന്ന ശേഷം ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മറ്റു ഭരണപ്രമുഖരും ട്രെയിനിനകത്ത്
ദുബൈ: യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽപാത യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. യു.എ.ഇ ഭരണാധികാരികളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് പാതക്ക് സമാരംഭം കുറിച്ചത്.
ചടങ്ങിന്‍റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ശൈഖ് മുഹമ്മദ്, രാജ്യത്തെ 4 പ്രധാന തുറമുഖങ്ങളെയും 7 ലോജിസ്റ്റിക്കൽ മേഖലകളെയും ബന്ധിപ്പിക്കുന്ന പാത പ്രതിവർഷം 6കോടി ടൺ ചരക്ക് കൊണ്ടുപോകാൻ സഹായിക്കുമെന്ന് പറഞ്ഞു.
ട്രെയിൻ ശൃംഖല സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും 13.3കോടി മണിക്കൂർ ജോലിയാണിത് പൂർത്തിയാക്കാനെടുത്തതെന്നും വെളിപ്പെടുത്തി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ എന്നിവരോടൊപ്പം ശൈഖ് മുഹമ്മദ് ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയായതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്.
ട്രെയിൽ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിലാണ്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്‍റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. എന്നാൽ പാസഞ്ചർ ട്രെയിനുകളും സ്ഥിരം ചരക്കുവണ്ടികളും എന്നുമുതലാണ് ഓടിത്തുടങ്ങുകയെന്ന് വ്യക്തമല്ല.
പദ്ധതി യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത്തിഹാദ് റെയിലിനെ ഒമാനിലെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പാത നിർമിക്കാനുള്ള മുന്നൊരുക്കങ്ങളും നടന്നു വരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.