ഖോർഫക്കാൻ മലമുകളിൽ സ്വാതന്ത്ര്യദിനാഘോഷം
text_fieldsഎ4 അഡ്വഞ്ചർ പ്രവർത്തകർ ഖോർഫക്കാനിലെ മലമുകളിൽ ഇന്ത്യൻ പാതക ഉയർത്തി ആഘോഷിക്കുന്നു
ദുബൈ: സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചർ ഈ വർഷവും സ്വതന്ത്ര ദിനാഘോഷം സാഹസികമായി തന്നെ ആഘോഷിച്ചു. സമുദ്ര നിരപ്പിൽനിന്ന് 12,00 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഖോർഫക്കാനിലെ റഫിസ ഡാം മലമുകളിലായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ. ഇന്ത്യൻ സ്വാതന്ത്ര്യദിനം എത്രമാത്രം വ്യത്യസ്തമായി ആഘോഷിക്കാം എന്നും എത്ര ഉയരത്തിൽ ത്രിവർണ പതാക പാറിക്കാമെന്നുമുള്ള ആശയം ഉൾക്കൊണ്ടാണ് കൂട്ടായ്മയുടെ പ്രവർത്തകർ പുലർച്ചെ ഹൈക് ചെയ്ത് മലമുകളിൽ സ്വാതന്ത്രദിനം ആഘോഷിച്ചത്. കുട്ടികളും മുതിർന്നവരും അടക്കം ഏകദേശം നൂറിലധികം പേർ ഈ സാഹസിക ആഘോഷത്തിൽ പങ്കെടുത്തു.
ഇതിന് മുമ്പും എ4 അഡ്വഞ്ചറിലെ അംഗങ്ങൾ സാഹസികമായ ആഘോഷങ്ങൾ നടത്തിയിട്ടുണ്ട്. ഓണവും പെരുന്നാളും ക്രിസ്മസും തുടങ്ങി എല്ലാ വിശേഷദിവസങ്ങളും ആഘോഷിക്കുവാൻ മല കയറുന്ന ഈ കൂട്ടായ്മ മുൻ വർഷങ്ങളിലും നിരവധി വ്യത്യസ്ത ആഘോഷ പരിപാടികൾ മലമുകളിൽ ആഘോഷിച്ച് വേറിട്ട് നിന്നിരുന്നു. ഉള്ളിൽ ദേശ സ്നേഹവും ചുണ്ടിൽ ദേശഭക്തി ഗാനങ്ങളുമായി മലകയറിയവർ, സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നും, മധുരം പങ്കുവച്ചും വിവിധ കലാപരിപാടികളോടെയും ആണ് ഈ ദിനം മനോഹരമാക്കിയത്.
സമുദ്രനിരപ്പിൽ നിന്നും ആയിരത്തിലധികം ഉയരത്തിൽ നമ്മുടെ നൂറോളം ത്രിവർണ്ണ പതാക പാറിക്കളിക്കുന്നത് തന്നെയായിരുന്നു ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ഏറ്റവും വേറിട്ട കാഴ്ച. എ4 അഡ്വഞ്ചർ സ്ഥാപകൻ ഹരി കോട്ടച്ചേരി ആശംസകൾ നേർന്നു. അദ്‌നാൻ കാലടി, വിഷ്ണു മോഹൻ, അക്ഷര, അലീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.