ഇന്ത്യക്കും യു.എ.ഇക്കും ‘സെപ’യുടെ നേട്ടം വർധിപ്പിക്കാൻ ചർച്ച
text_fieldsയു.എ.ഇ വിദേശവ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദിയും ഇന്ത്യൻ ബിസിനസ് കൗൺസിൽ അംഗങ്ങളും കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) വഴിയുള്ള നേട്ടം വർധിപ്പിക്കാനുള്ള വഴികൾ ചർച്ച ചെയ്ത് യു.എ.ഇ വിദേശവ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദിയും ഇന്ത്യൻ ബിസിനസ് കൗൺസിലും ചർച്ച നടത്തി. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയുടെ സഹകരണവും അടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
വ്യാപാര പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം എടുത്തുപറഞ്ഞ ഡോ. ഥാനി അൽ സയൂദി, ഇരു രാജ്യങ്ങളും തമ്മിലെ എണ്ണയിതര വ്യാപാരം 2024ൽ 65ശതകോടി ഡോളറിൽ എത്തിച്ചേർന്നതായി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19.7ശതമാനം വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ‘സെപ’യുടെ നേട്ടങ്ങൾ പരമാവധി നേടിയെടുക്കാനുള്ള വിവിധ തലത്തിലുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു. 2022 മേയിൽ നിലവിൽവന്ന കരാറിന് ശേഷം നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെട്ടിട്ടുണ്ട്. കൃഷി, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ തുറന്ന കരാർ, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ സന്ദർശിച്ച ഡോ. ഥാനി അൽ സയൂദി മുംബൈയിൽ ഇന്ത്യൻ വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലെ വ്യപാര ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ലോജിസ്റ്റിക്സ്, കൃഷി, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പങ്കാളികളുമായും ബിസിനസ് പ്രമുഖരുമായും അദ്ദേഹം ചർച്ച നടത്തുകയുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.