ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത് -പഠനം
text_fieldsദുബൈ: യു.എ.ഇയിലെ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേതെന്ന് പുതിയ പഠനം. ഇൻസൈറ്റ് ഡിസ്കവറി സംഘടിപ്പിച്ച ഏഴാമത് ‘വേസ്റ്റ് റെപ്യൂടേഷൻ ഇൻ ദി യു.എ.ഇ’ എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവയേിൽ പങ്കെടുത്ത 21ശതമാനം പേരും ഇൻഫ്ലുവനസർമാരുടേതാണ് ഏറ്ററവും വിശ്വാസം കുറഞ്ഞ തൊഴിലെന്ന് അഭിപ്രായപ്പെട്ടു.
ടെലിമാർക്കറ്റിങ്, ക്രെഡിറ്റ് കാർഡ് വിതരണക്കാർ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ എന്നിവരേക്കാൾ കുറഞ്ഞ വിശ്വാസമാണ് ഇൻഫ്ലുവൻസർമാക്കുള്ളത്. കഴിഞ്ഞ ആറു വർഷത്തെ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായ പഠനഫലമാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെ റിക്രൂട്ടർമാർ, ക്രെഡിറ്റ് കാർഡ് വിതരണക്കാർ എന്നിവരാണ് പട്ടികയിൽ മുകളിൽ ഇടംപിടിച്ചിരുന്നത്.
സുതാര്യതയില്ലാത്തതും കാര്യക്ഷമമല്ലാത്തതുമായ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ ചില ജോലികളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതായാണ് പഠനം ഫലം ചൂണ്ടിക്കാണിക്കുന്നത്. ഇൻഫ്ലുവൻസർമാരിൽ തന്നെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നവരെയാണ് ഏറ്റവും വിശ്വാസം കുറവെന്നും പഠനത്തിന് പിന്നിൽ പ്രവർത്തിച്ചവർ അഭിപ്രായപ്പെടുന്നു.
പഠനത്തിൽ ഏറ്ററവും വിശ്വാസം കുറഞ്ഞവരിൽ രണ്ടാം സ്ഥാനത്ത് ടെലി മാർക്കറ്റർമാരാണ് ഇടംപിടിച്ചത്. ആകെ സർവെയിൽ പങ്കെടുത്തവരിൽ 19ശതമാനം പേർ ഇവർ ഏറ്റവും വിശ്വാസം കുറഞ്ഞവരെന്ന് അഭിപ്രായപ്പെട്ടു. ക്രെഡിറ്റ് കാർഡ് വിതരണക്കാർ(13ശതമാനം), റിക്രൂട്ട്മെന്റ് കമ്പനികൾ (11ശതമാനം), റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ (8ശതമാനം) എന്നിങ്ങനെയാണ് മറ്റു തൊഴിലുകളുടെ സർവെഫലം. വ്യത്യസ്ത സമൂഹങ്ങളിലുള്ളവർ അഭിപ്രായങ്ങളിൽ അന്തരമുള്ളവരാണെന്നും പഠനത്തിൽ വ്യക്തമാകുന്നുണ്ട്.
പടിഞ്ഞാറൻ രാജ്യക്കാരും അറബ് പ്രവാസികളും ഇമാറാത്തി പൗരൻമാരും ഇൻഫ്ലുവൻസർമാർ ഏറ്റവും വിശ്വാസം കുറഞ്ഞവരാണെന്ന് അടയാളപ്പെടുത്തിയപ്പോൾ, ഏഷ്യൻ വംശജർ ടെലിമാർക്കറ്റിങ് ജോലിയിലാണ് അവിശ്വാസം കൂടുതലായി രേഖപ്പെടുത്തിയത്.
സാമൂഹിക മാധ്യമങ്ങൾ വഴി പ്രമോഷനൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവർക്ക് യു.എ.ഇയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിവരുന്നുണ്ട്. പണം വാങ്ങിയുള്ള ഉള്ളടക്കമാണെങ്കിലും അല്ലെങ്കിലും പ്രത്യേക അനുമതി നേടണമെന്ന് യു.എ.ഇ മീഡിയ കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. മാധ്യമ രംഗത്തെ വളരെ വേഗത്തിലുള്ള മാറ്റത്തിന് അനുസരിച്ച് നിയന്ത്രണ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സംവിധാനം ഏർപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ വഴി പണമുണ്ടാക്കുന്ന ഇൻഫ്ലുവൻസർമാർക്ക് രാജ്യത്ത് 2018ൽ ലൈസൻസ് നിർബന്ധമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.