സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര
text_fieldsദുബൈ: സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ടെന്ന് ഗായിക കെ.എസ്. ചിത്ര. ശനിയാഴ്ച ഷാർജയിൽ നടക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിത്ര. പാട്ടിലും സിനിമയിലുമൊക്കെ നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ വരവിനെ കുറിച്ച ചോദ്യത്തിന് ഉത്തരമായാണ് ആശങ്ക പങ്കുവെച്ചത്.
‘എല്ലാ മേഖലകളിലും മാറ്റമുണ്ട്. എല്ലാത്തിനെയും ഉൾകൊള്ളാനാണ് ശ്രമിക്കാറുള്ളത്. പുതുതലമുറയിലെ ഗായകർ പല കാര്യങ്ങളിലും പ്രചോദനമായിട്ടുണ്ട്. വേദിയിൽ സംസാരിക്കാൻ ഒരു കാലത്ത് പേടിയായിരുന്നു. പുതിയ പാട്ടുകാരിൽ നിന്നാണ് അത്തരം കാര്യങ്ങളിൽ പ്രചോദനം ഉൾകൊണ്ടത്’ -അവർ പറഞ്ഞു. ശബ്ദത്തിന്റെ മേന്മ നിലനിർത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ താനിപ്പോഴും സംഗീത പരിശീലനം ഒഴിവാക്കാറില്ലെന്ന് ചിത്ര പറഞ്ഞു.
ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.എസ് ചിത്ര യു.എ. ഇയിൽ എത്തുന്നത്. ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടിയിൽ പങ്കെടുക്കാനാണ് ചിത്ര ദുബൈയിൽ എത്തിയത്. സ്റ്റീഫൻ ദേവസ്സി, ഹരിശങ്കർ, ശ്രീരാഗ്, രാജേഷ് ചേർത്തല, അനാമിക തുടങ്ങിയവർ അണിനിരക്കുന്ന നാല് മണിക്കൂർ സംഗീത പരിപാടിയാണ് ഒരുങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.