‘കിംകോ’ സൊസൈറ്റിക്ക് ദുബൈയിൽ തുടക്കം
text_fieldsസഹകരണ സ്ഥാപനമായ കിംകോയുടെ 100 കോടിയുടെ പദ്ധതികളുടെ പ്രഖ്യാപനം ദുബൈയിലെ ഓഫിസിൽ നടക്കുന്നു
ദുബൈ: കണ്ണൂരിന്റെ വികസനസ്വപ്നങ്ങൾക്ക് ശക്തി പകരുന്നതിനായി യുവസംരംഭകരുടെ നേതൃത്വത്തിൽ രൂപംകൊണ്ട കണ്ണൂർ ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ ആൻഡ് മെർക്കന്റയിൽ ഡവലപ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിന്റെ (കിംകോ) പ്രഖ്യാപനം ദുബൈയിൽ നടന്നു. നാലു പ്രമുഖ അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് കണ്ണൂരിൽ ആരംഭിക്കുന്ന 100 കോടിയുടെ പദ്ധതികളുടെ ധാരണപത്രം ചടങ്ങിൽ ഒപ്പുവെച്ചു.
ദുബൈ കരാമയിലെ ഓഫിസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ രാജ്യസഭ എം.പി സന്തോഷ് കുമാർ, കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര, വ്യവസായ പ്രമുഖൻ ജമാൽ ദുബൈ, ഹിദായത്ത് മട്ടന്നൂർ, പ്രദുൽ കണ്ണൂർ, പി. ഹമീദ്, ദേവേഷ് ഗുപ്ത, ജിത്തു രാജൻ, സാദിഖ് അബൂബക്കർ തുടങ്ങി നിരവധി ബിസിനസ് പ്രമുഖർ സംബന്ധിച്ചു. അന്തർദേശീയ നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളോട് കൂടിയതും മികച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സ്മാർട്ട് സിറ്റി, ഏറ്റവും മികച്ച കാർഷിക പ്രോസസിങ് എക്സ്പോർട്ടിങ് കേന്ദ്രം, ഐ.ടി നോളജ് ഹബ്, ഹോസ്പിറ്റാലിറ്റി ടൂറിസം സംരംഭങ്ങൾ തുടങ്ങി യുവാക്കൾക്ക് സംരംഭകത്വ തൊഴിൽ പ്രാതിനിധ്യം ഉറപ്പ് നൽകുകയും ആഗോള സാധ്യതകളെ കൂടി പരിചയപ്പെടുത്തുന്ന ബിസിനസിൽ ആത്മവിശ്വാസം നൽകുന്ന വേദിയായി കിംകോ നിലകൊള്ളുമെന്ന് പ്രഥമ ചെയർമാനും യുവ സംരംഭകനുമായ സി.കെ. കുബീബ് പറഞ്ഞു. ഡയറക്ടർമാരായ ഷാജഹാൻ മൂസ, എം.എസ്. ദീപക്, പ്രവീൺ കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.