സിനിമയുടെ കഥ പറയുന്ന ‘ലൈറ്റ്സ് കാമറ ആക്ഷൻ’
text_fieldsഷാർജ: ആധുനിക ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന കലയാണ് സിനിമ. നൃത്തവും സംഗീതവും നാടകവും സാഹിത്യവുമൊക്കെ ഉൾച്ചേർന്ന മനോഹരമായ ആവിഷ്കാരം. ശാസ്ത്രവും കലയും ചരിത്രവും സമ്മേളിക്കുന്ന അത്ഭുത ലോകം. ചുരുക്കിപ്പറഞ്ഞാൽ ദൃശ്യാനുഭവങ്ങളുടെ സമ്പന്നതയാണ് ഓരോ സിനിമയും. നമ്മുടെ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും അഭിപ്രായങ്ങളും പ്രതിഷേധങ്ങളുമൊക്കെ ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ കഴിയുന്ന മാധ്യമം.
ഒരു സമൂഹത്തെ എങ്ങോട്ട് നയിക്കണമെന്നു പോലും തീരുമാനിക്കാൻ ശേഷിയുള്ള കലാസൃഷ്ടിയായി ഇന്ന് സിനിമ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് സിനിമ നിർമാണം പലരുടെയും ജീവിതാഭിലാഷമാണ്. സാങ്കേതിക വിദ്യകൾക്കപ്പുറത്തേക്ക് പരിചയസമ്പന്നരുടെ അനുഭവ കഥകൾ സിനിമ നിർമാണം ആഗ്രഹിക്കുന്നവർക്ക് വലിയ മുതൽക്കൂട്ടാണ്. അങ്ങനെ സിനിമയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച വേദിയൊരുക്കുകയാണ് ഗൾഫ് മാധ്യമം കമോൺ കേരള. മേയ് ഒമ്പത്, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് കമോൺ കേരള അരങ്ങേറുന്നത്. കമോൺ കേരളയിലെ ലൈറ്റ്സ്, കാമറ, ആക്ഷൻ എന്ന വേദിയിലാണ് സിനിമയെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾ നടക്കുക.
മലയാള സിനിമക്ക് പുതിയ ഭാവം പകർന്നു നൽകിയ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളായ ലാൽ ജോസ്, ദേശീയ അവാർഡ് ജേതാവും മലയാളിക്ക് പ്രിയങ്കരിയുമായ നടി സുരഭി ലക്ഷ്മി തുടങ്ങിയവർ ‘ലൈറ്റ്സ് കാമറ ആക്ഷനി’ൽ പ്രേക്ഷകരുമായി സംവദിക്കും. മേളയുടെ രണ്ടാം ദിനമായ മേയ് 10ന് ഉച്ചക്ക് 2.30 മുതൽ മിനി സ്റ്റേജിലാണ് ലൈറ്റ്സ് കാമറ ആക്ഷൻ അരങ്ങേറുക. ഒരു മറവത്തൂർ കനവിലൂടെ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ലാൽ ജോസ് അറബിക്കഥ, മ്യാവു തുടങ്ങിയ സിനിമകളിലൂടെ പ്രവാസ ലോകത്തെ അനുഭവ കഥകൾ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.
കമേഴ്സ്യൽ സിനിമകൾക്കൊപ്പം അച്ഛനുറങ്ങാത്ത വീട് പോലെ മലയാളിയുടെ ജീവിതാവസ്ഥകളെ വരച്ചുകാട്ടിയ സംവിധായകനാണദ്ദേഹം. തന്റെ പുതിയ സിനിമ വിശേഷങ്ങളെക്കുറിച്ചും സിനിമയുടെ കാണാപ്പുറങ്ങളെക്കുറിച്ചും ലാൽജോസ് വേദിയിൽ സംസാരിക്കും. മലയാള സിനിമയിലേക്കുള്ള സുരഭിയുടെ തുടക്കം കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെയായിരുന്നുവെങ്കിലും പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റുന്നവയായിരുന്നു അവ.
2016 മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി ഇന്ന് മലയാള സിനിമയിലെ മാറ്റിനിർത്താനാവത്ത അഭിനയ പ്രതിഭയാണ്. തന്റെ സ്വതഃസിദ്ധമായ ശൈലിയിലുള്ള സംസാരത്തിലൂടെ സുരഭയിയും പ്രേക്ഷകരുടെ മനം കവരുമെന്നുറപ്പാണ്. ഹിറ്റ് എഫ്.എം ആർ.ജെ ജോൺ ആണ് മോഡറേറ്റർ. സിനിമയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനുള്ള അവസരം സന്ദർശകർക്കുണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനായി https://cokuae.com/lights-camera-action എന്ന ലിങ്ക് സന്ദർശിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.