ആഗോള വെർട്ടിക്കൽ ഫാമിങ് മേളയിൽ ശ്രദ്ധനേടി മലയാളി പ്രദർശനം
text_fieldsദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ ബുധനാഴ്ച ആരംഭിച്ച ആറാമത് വെർട്ടിക്കൽ ഫാമിങ് മേള. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുക്കണക്കിന് സംരംഭകർ മേളയിൽ പങ്കെടുത്തു
ദുബൈ: നവീനമായ ലംബ കൃഷിരീതികൾ പരിചയപ്പെടുത്തുന്ന ആഗോള മേളയായ വെർട്ടിക്കൽ ഫാമിങ് മേളയിൽ ശ്രദ്ധനേടി മലയാളി സംരംഭം. നിർമിത ബുദ്ധി സാങ്കേതികവിദ്യയും സുസ്ഥിര രീതികളും സമന്വയിപ്പിച്ച് ‘മസ്റ കെയർ’ എന്ന സംരംഭമാണ് മേളയിൽ പ്രദർശനത്തിനെത്തിയത്.
നൂതന സാങ്കേതികവിദ്യകളും ഏറ്റവും പുതിയ കാർഷിക രീതികളും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ലംബ കൃഷി മാതൃകയായാണ് സംരംഭം അവതരിപ്പിച്ചത്.ഒരേ സമയം ലാഭകരവും സുസ്ഥിരവുമാണ് സംരംഭമെന്ന് അണിയറ പ്രവർത്തകരായ സി.ഇ.ഒ ശരത് ശങ്കർ, ഡയറക്ടർ ജാമിൽ മുഹമ്മദ്, പ്രൊജക്ട് മേധാവി എൻ.എ. ഷാനിൽ, പ്രൊജക്ട് കോഓഡിനേറ്റർ പി. മുരളീധർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.
താമസ കേന്ദ്രങ്ങളും വിദ്യാർഥി കേന്ദ്രീകൃത കമ്യൂണിറ്റികളെയും കുടുംബങ്ങളുടെ ശക്തീകരണത്തെയും പ്രധാനമായും ലക്ഷ്യമിടുന്നു. വിദ്യാർഥികൾക്കായി വിവിധ പ്രോജക്ടുകളും പരിശീലന സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. അതോടൊപ്പം ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പദ്ധതിയും വലിയ ഉൽപാദനം ഒരുമിച്ച് സാധ്യമാക്കുന്ന വ്യവസായിക പദ്ധതിയും നടപ്പാക്കുന്നുണ്ട്.
ഇതുവഴി പോഷകസമ്പന്നമായ ഓർഗനിക് ഉൽപന്നങ്ങൾ ലഭ്യമാകും. മസ്റ കെയർ പദ്ധതിയുടെ ഉൽപാദനം മുതലുള്ള എല്ലാ ഘട്ടങ്ങളിലും ആവശ്യമായ സഹായം നൽകും. യു.എ.ഇ ആസ്ഥാനമായ മസ്‌റ കെയറിന്റെ ഓഫിസ് ഇന്റർനാഷനൽ ഫ്രീസോണിലാണ് സ്ഥിതി ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.