പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്: തിരുവനന്തപുരം സെന്‍ററുകളിൽ ഗുരുതര ക്രമക്കേടുകളെന്ന് ഇൻകാസ്
text_fieldsദുബൈ: വിദേശത്ത് തൊഴിലിനായി പോകുന്നവർക്ക് നിർബന്ധമായ ജി.എ.എം.സി.എ (ഇപ്പോൾ വാഫിദ്) മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്‍ററുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ആരോപിച്ചു. തിരുവനന്തപുരം സെന്‍ററുകളെ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, നഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ, ചുരുക്കം ചില സെന്‍ററുകൾ ഒഴിച്ച് മറ്റ് കേന്ദ്രങ്ങൾ അപേക്ഷകരിൽ ഭൂരിഭാഗത്തേയും ആരോഗ്യക്ഷമതയില്ലെന്ന് പ്രഖ്യാപിക്കുകയാണ്. എറണാകുളം സെന്‍ററുകളിൽ വീണ്ടും പരിശോധന നടത്തിയപ്പോൾ അൺഫിറ്റ് ആയവർ ഫിറ്റ് ആയി പ്രഖ്യാപിക്കപ്പെടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തതായി ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഷാജി ഷംസുദ്ദീൻ പറഞ്ഞു. കൂടാതെ വ്യക്തയില്ലാത്ത റിപോർട്ടുകളാണ് പല സെന്‍ററുകളും നൽകുന്നത്.
ഇത് പ്രവാസികളുടെ സ്വപ്നവും ഭാവിയും തകർക്കുന്ന അനീതിയും ക്രമക്കേടുമാണ്. തൊഴിലവസരം നഷ്ടപ്പെടുന്നതിനൊപ്പം വിദേശത്തേക്ക് പോകാനായി വായ്പ എടുത്തവർക്ക് വിലങ്ങുതടിയാണ് ഇത്തരം സെന്‍ററുകളുടെ നടപടികൾ. വിഷയത്തിൽ അന്വേഷണം വേണമെന്നും ഇവിടങ്ങളിൽ പുനർപരിശോധനക്ക് സംവിധാനം നടപ്പിലാക്കുകയും വേണം. വിഷയത്തിൽ പരാതികളും ആവശ്യങ്ങളും ഉൾക്കൊള്ളുന്ന കത്ത് വിദേശകാര്യ മന്ത്രിക്കും അടൂർ പ്രകാശ് എം.പിയ്ക്കും നൽകിയതായി ഷാജി ഷംസുദ്ദീൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.