ഷാർജയിൽ പുതിയ മലയോര പാത
text_fieldsഷാർജ: വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പുതിയമലയോര ടൂറിസ്റ്റ് റോഡ് പദ്ധതി പ്രഖ്യാപിച്ചു.‘ഇതുവരെ കാണാത്ത അത്ഭുതം’ എന്ന് വിശേഷിപ്പിക്കുന്ന പദ്ധതി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പ്രഖ്യാപിച്ചത്. അൽ ഖുസൈർ തുരങ്കത്തിൽനിന്ന് ആരംഭിച്ച് പർവതശിഖരങ്ങളിലൂടെയും ചരിവുകളിലൂടെയും സഞ്ചരിച്ച് ഖോർഫക്കാനിലെ ഏറ്റവും വലിയ മലമുകളിൽ അവസാനിക്കുന്ന രീതിയിലാണ് റോഡ് നിർമിക്കുന്നത്. സമുദ്ര നിരപ്പിൽനിന്ന് 1,100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നതാണ് ഖോർഫക്കാനിലെ ഏറ്റവും വലിയ പർവത നിരകൾ. മരങ്ങൾ, വ്യത്യസ്തങ്ങളായ ചെടികൾ, ജല പൈപ്പുകൾ, മനോഹരമായ ഭവനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട റോഡിലൂടെ ശൈത്യകാലത്തെ യാത്ര വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവമായിരിക്കും.
ഹൈവേയിൽനിന്ന് മാറി സ്ഥിതിചെയ്യുന്ന ചെറു ഗ്രാമങ്ങൾക്ക് സേവനം നൽകുന്ന ഒരു ആസ്വാദ്യകരമായ വിനോദസഞ്ചാര പാതയാക്കി ഈ റോഡുകളെ മാറ്റും. യു.എ.ഇയിൽ ശൈത്യകാലങ്ങളിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന മേഖലകളിൽ ഒന്നാണ് ഖോർഫക്കാൻ മലനിരകൾ. ട്രക്കിങ്ങിനും സൈക്ലിങ്ങിനുമായി വിദേശ ടൂറിസ്റ്റുകളായ ധാരാളം പേർ ഇവിടെ സന്ദർശിക്കാറുണ്ട്. പുതിയ റോഡ് പദ്ധതി പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവായിരിക്കും സമ്മാനിക്കുക.റോഡ് വികസന പദ്ധതി കൂടാതെ ഖൽബയിലെ താമസക്കാർക്കായി ജബൽ ദീം പദ്ധതിയും തുറക്കുമെന്ന് ശൈഖ് സുൽത്താൻ വാഗ്ദാനംചെയ്തു. വിശ്രമ സ്ഥലം, ഫാമുകൾ, കളിസ്ഥലം തുടങ്ങിയ വിനോദ സ്ഥലങ്ങൾ ഉൾകൊള്ളുന്ന പദ്ധതി അടുത്ത വർഷം മാർച്ചിൽ തുറക്കുമെന്നാണ് പ്രതീക്ഷ. ഷാർജ ബ്രോഡ്കാസ്റ്റിൽ അതോറിറ്റി നടത്തുന്ന വാരാന്ത്യ റോഡിയോ പ്രോഗ്രാമായ ഡയറക്ട് ലൈനിലൂടെയാണ് സുൽത്താന്റെ പ്രഖ്യാപനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.