നാദൽ ശിബയിൽ പുതിയ മാൾ തുറന്നു
text_fieldsനാദൽ ശിബയിൽ തുറന്ന പുതിയ മാൾ
ദുബൈ: നഗരത്തിലെ നാദൽ ശിബ പ്രദേശത്ത് പുതിയ മാൾ തുറന്നു. ദുബൈ ഹോൾഡിങ് അസറ്റ് മാനേജ്മെന്റ് ഉടമസ്ഥതയിലാണ് നാദൽ ശിബ മാൾ തുറന്നിരിക്കുന്നത്. നേരത്തെ വെളിപ്പെടുത്തിയത് പ്രകാരം 5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള മാളിൽ നൂറിലേറെ ഔട്ലെറ്റുകളുണ്ടാകും. ചെറുകിട വ്യാപാരം, ഫിറ്റ്നസ്, വിനോദം, ഭക്ഷണം, ആരോഗ്യം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങളാണ് മാളിൽ പ്രവർത്തിക്കുക. മാളിന്റെ റൂഫ് ടോപ്പിൽ ജിം, സ്വിമ്മിങ് പൂൾ, പെഡൽ കോർട്സ് എന്നിവയും ഒരുക്കും. സന്ദർശകർക്ക് വേണ്ടി 900 പാർക്കിങ് സ്ഥലങ്ങളും നിർമിച്ചിട്ടുണ്ട്. സമീപ സ്ഥലങ്ങൾ താമസ കേന്ദ്രങ്ങളും സ്കൂളുകളും ധാരാളമുള്ള പ്രദേശമായതിനാൽ സന്ദർശകർ ഏറെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാളിനകത്തും പുറത്തും ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളും അന്തരീക്ഷവും ഷോപ്പിങ്, ഡൈനിങ്, വിനോദം എന്നിവക്ക് യോജിച്ചതാണ്.
ദുബൈയിലെ റീട്ടെയിൽ മേഖല സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലക ശക്തിയാണെന്നും താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിലും വിനോദസഞ്ചാരികൾക്ക് മികച്ച ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ നഗരത്തിന്റെ ആകർഷണം ശക്തിപ്പെടുത്തുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുന്നതായും ദുബൈ ഹോൾഡിങ് അസറ്റ് മാനേജ്മെന്റിലെ റീട്ടെയിൽ ഡെസ്റ്റിനേഷൻസ് മാനേജിങ് ഡയറക്ടർ ഫരീദ് അബ്ദുറഹ്മാൻ പറഞ്ഞു. ആധുനിക സൗകര്യങ്ങളും മികച്ച അനുഭവങ്ങളും സൃഷ്ടിക്കുന്ന സ്ഥലങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് നാദൽ ശിബ മാൾ. സന്ദർശകരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, അതിവേഗം വികസിക്കുന്ന വിപണിയിൽ വളരാനുള്ള അവസരങ്ങൾ ബിസിനസുകൾക്ക് നൽകുകയും ചെയ്യുന്നതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.