ഫാൻസി നമ്പറുകളുടെ വിൽപനക്ക് പുതിയ മാനദണ്ഡങ്ങൾ
text_fieldsഅബൂദബി: വാഹനങ്ങളുടെ ഫാൻസി നമ്പർ പ്ലേറ്റുകളുടെ ഉടമസ്ഥതയും വില്‍പനയുമായി ബന്ധപ്പെട്ട് അബൂദബി ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് (എഡി) അതോറിറ്റി പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു.
സ്‌പെഷല്‍, സ്‌പെഷല്‍ അല്ലാത്തത് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് വാഹനങ്ങളുടെ നമ്പറുകള്‍ വേര്‍തിരിച്ചിരിക്കുന്നത്. ഒറ്റ, ഇരട്ട, മൂന്നക്ക, നാലക്ക, അഞ്ചംഗ നമ്പറുകളാണ് സ്‌പെഷല്‍ കാറ്റഗറിയിലുള്ളത്. പുതിയ നിയമപ്രകാരം സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ഏതു നമ്പര്‍ പ്ലേറ്റുകളും സ്വന്തമാക്കാനും നിയന്ത്രണമൊന്നുമില്ലാതെ അവ വില്‍ക്കാനും കൈമാറ്റം ചെയ്യാനും അനുമതിയുണ്ട്.
വാഹന ഉടമകള്‍ക്ക് നമ്പർ പ്ലേറ്റുകള്‍ വാഹനവുമായി ബന്ധിപ്പിക്കാനോ ഫയലില്‍ സൂക്ഷിക്കാനോ തെരഞ്ഞെടുക്കാം. അതേസമയം ഇതിന്‍റെ വില തെരഞ്ഞെടുക്കുന്ന നമ്പറിന് അനുസരിച്ചാവും നിശ്ചയിക്കുക. മുമ്പ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത നമ്പരിന്‍റെ ഉടമസ്ഥാവകാശം മതിയായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല.
എന്നാല്‍ മാതാപിതാക്കളും സഹോദരങ്ങളും ഇണകളും മക്കളും അടക്കമുള്ള അടുത്ത ബന്ധുക്കള്‍ക്ക് ഇവ എഡി മൊബിലിറ്റിയുടെ നടപടിക്രമങ്ങള്‍ പാലിച്ച് കൈമാറാനാവും. വ്യത്യസ്തമായ ഫാൻസി നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ സുതാര്യവും കാര്യക്ഷമമവുമായ സംവിധാനം അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ ഫാൻസി നമ്പറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൈവിധ്യമാർന്ന ഓഫറുകൾ ലഭ്യമാവുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.