21 വർഷത്തിന് ശേഷം പ്രഭുദേവയും വടിവേലും ഒന്നിക്കുന്നു
text_fields
ദുബൈയിൽ നടന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിൽ നടൻമാരായ പ്രഭുദേവയും വടിവേലും
ദുബൈ: 21 വർഷത്തെ ഇളവേളക്ക് ശേഷം തമിഴ് സിനിമ താരങ്ങളായ പ്രഭുദേവയും വടിവേലുവും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. വിയറ്റ്നാമിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ പൂജ ദുബൈയിൽ നടന്നു. സിനിമയുടെ പേര് പിന്നീട് പ്രഖ്യാപിക്കും.
സാം റോഡറിക്സിന്‍റെ സംവിധാനത്തിൽ ദുബൈയിലെ കണ്ണൻ രവി ഗ്രൂപ്പ് നിർമിക്കുന്ന നാലാമത്തെ സിനിമയിലാണ് 21 വർഷത്തെ ഇടവേളക്ക് ശേഷം പ്രഭുദേവ വടിവേലു കോമ്പോ വീണ്ടും ഒന്നിക്കുന്നത്. 2004ൽ പുറത്തിറങ്ങിയ വിജയ്കാന്ത് ചിത്രം ‘എങ്കൾ അണ്ണ’യിലാണ് ഇവർ ഏറ്റവും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. വടിവേലു ഒരേസമയം തന്‍റെ മൂത്ത സഹോദരനും സുഹൃത്തുമാണെന്നും നടനും ഡാന്‍സറുമായ പ്രഭുദേവ പറഞ്ഞു. വടിവേലു, യുവശങ്കർ രാജ, സാം റോഡറിക്സ് എന്നിവരുമായി ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഭുദേവയോടൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് വടിവേലു പറഞ്ഞു.
1994 ൽ ഇറങ്ങിയ കാതലന്‍റെ വിജയത്തിന് ശേഷം പ്രേക്ഷകർ ഉറ്റുനോക്കിയിരുന്ന കോമ്പോ ആയിരുന്നു പ്രഭുദേവയും വടിവേലുവും. ദുബൈയിൽ നടന്ന സിനിമയുടെ പൂജയിൽ നടൻമാരായ ജീവ, തമ്പി രാമയ്യ, സംഗീത സംവിധായകൻ യുവാൻശങ്കർ രാജ, സംവിധായകൻ സാം റോഡറിക്സ് തുടങ്ങിയവരും പങ്കെടുത്തു. ജീവയെ നായകനാക്കി കണ്ണൻ രവി ഗ്രൂപ്പിന്‍റെ മൂന്നാമത്തെ ചിത്രത്തിന് കഴിഞ്ഞദിവസം ദുബൈയിൽ നടന്ന ചടങ്ങിൽ ട്രിപ്പിൾ ടി എന്ന് പേരിട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.