‘റാക് പോർട്സ്’; സുസ്ഥിര വികസന കരുത്ത്
text_fieldsരാജ്യത്തിന്റെ വാണിജ്യ-വ്യവസായ-വിനോദ മേഖലയില്‍ സുസ്ഥിര വികസനത്തിന് കരുത്ത് നല്കി ലോകോത്തര സേവനങ്ങളുമായി റാസല്‍ഖൈമയിലെ തുറമുഖങ്ങള്‍ വിജയ വഴിയില്‍. ഉത്തര ഭാഗത്ത് ഹോര്‍മുസ് കടലിടുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പ്രധാന വ്യാപാര കേന്ദ്രമാണ് റാക് പോര്‍ട്ട്. സഖര്‍ പോര്‍ട്ട്, അല്‍ ജസീറ പോര്‍ട്ട് തുടങ്ങിയവക്ക് പുറമെ ഒട്ടേറെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് പ്രവര്‍ത്തന സൗകര്യം നല്കുന്ന നിരവധി സ്വതന്ത്ര പോര്‍ട്ട് സോണുകളും റാസല്‍ഖൈമയിലുണ്ട്.
ഷിപ്പിങ് ലൈനുകളുടെ സംഭരണം, ജനറല്‍ കാര്‍ഗോ, ലിക്വിഡ്, റീഫറുകള്‍, വിനോദ സഞ്ചാരത്തിന് സൗകര്യമൊരുക്കുന്ന ക്രൂയിസ് പാസഞ്ചര്‍ ടെര്‍മിനലുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലോകോത്തര നിലവാരത്തിലാണ് ഇവിടെ ലഭിക്കുന്നത്. റാക് മാരി ടൈം ട്രെയിനിങ് സെന്റര്‍, വിപുല സ്റ്റോറേജ് സൗകര്യമുള്ള റാക് മാരി ടൈം സിറ്റി എന്നറിയപ്പെടുന്ന ഫ്രീ പോര്‍ട്ട് സോണ്‍ എന്നിവയും റാസല്‍ഖൈമയുടെ സമ്പദ്ഘടനക്ക് സുസ്ഥിരത നല്കുന്നു.
നിര്‍മാണ സാമഗ്രികളാണ് സഖര്‍ തുറമുഖം വഴി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ദക്ഷിണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജസീറ തുറമുഖം കപ്പലുകളുടെ അറ്റകുറ്റപ്പണികളും അനുബന്ധ സേവനങ്ങളും കൈകാര്യം ചെയ്യുന്നു. നൂതന യന്ത്ര സാമഗ്രികളും ഉപകരണങ്ങളും ഉള്‍പ്പെടുന്ന ഡോക്ക് യാര്‍ഡുകളും ജസീറ പോര്‍ട്ടിലുണ്ട്.
സ്പെഷ്യലിസ്റ്റ് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ സേവനങ്ങള്‍ ജസീറ പോര്‍ട്ടിലെ പ്രത്യേകതയാണ്. യാച്ചുകള്‍ക്കും ഉല്ലാസ കപ്പലുകള്‍ക്കും സ്പെഷ്യലിസ്റ്റ് റിപ്പയര്‍, മെയിന്റനന്‍സ് സേവനങ്ങളും പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. കപ്പലിന് ആവശ്യമായ സര്‍വ പരിഹാരങ്ങളും ജസീറ പോര്ട്ടിനനുബന്ധമായുണ്ട്. സുസ്ഥിരത, വളര്‍ച്ച, നവീകരണം, വിശ്വാസം എന്നിവയിലൂന്നി ലോകോത്തര സേവനങ്ങളാണ് റാക് തുറമുഖങ്ങളുടെ വിജയഗാഥയുടെ മുഖമുദ്ര.
മധ്യ പൗരസ്ത്യ ദേശത്ത് വാണിജ്യ-വ്യാപാര വ്യാപാര മേഖലക്ക് ഉണര്‍വ് നല്കുന്ന കയറ്റിറക്കുമതികളാണ് റാസല്‍ഖൈമയിലെ സഖര്‍ തുറമുഖം കേന്ദ്രീകരിച്ച് നടക്കുന്നത്. ഇതിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന സംവിധാനങ്ങളുള്ള ക്രെയിനുകള്‍ സ്ഥാപിക്കാന്‍ ജര്‍മനിയിലെ ഹാര്‍ബര്‍ മെഷിനറി നിര്‍മാണ കമ്പനിയായ ലീബ്ഹര് മാരിടൈമുമായി സഖര്‍ പോര്‍ട്ട് അതോറിറ്റി കരാറുണ്ട്. ലീബ്ഹറിന്റെ രണ്ട് എല്‍.എച്ച്.എം 800 മൊബൈല്‍ ഹാര്‍ബര്‍ ക്രെയിനുകളാണ് ഇതില്‍ പ്രധാനം.
ഹജ്ര് മലനിരയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന സഖര്‍ തുറമുഖം റാസല്‍ഖൈമയുടെ സാമ്പത്തിക സുസ്ഥിരതക്ക് നല്കുന്ന സംഭാവന വലുതാണ്. റാസല്‍ഖൈമയിലെ തുറമുഖങ്ങളിലൂടെ വര്‍ഷന്തോറും 60 മില്യന്‍ ടണ്‍ വസ്തുവകകളാണ് കയറ്റിറക്കുമതി നടക്കുന്നത്. ഇതില്‍ മുഖ്യ പങ്കും കൈകാര്യം ചെയ്യുന്നത് സഖര്‍ തുറമുഖമാണ്. മധ്യ പൗരസ്ത്യ രാജ്യങ്ങളിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികളും ചുണ്ണാമ്പ് കല്ല്, സിമന്റ് തുടങ്ങിയവ കയറ്റുമതി ചെയ്യുന്നതും സഖര്‍ പോര്‍ട്ടിലൂടെയാണ്.
സഖര്‍ ഉള്‍പ്പെടെ വ്യത്യസ്ത സേവനങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന റാക് മാരിടൈം സിറ്റി, റാക്, അല്‍ ജീര്, അല്‍ ജസീറ തുടങ്ങി അഞ്ച് തുറമുഖങ്ങളാല്‍ സമ്പന്നമാണ് റാസല്‍ഖൈമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.