കെട്ടിട നിര്‍മാണം; പിഴകളില്‍ ആറുമാസ ഇളവ് അനുവദിച്ച് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പിഴകള്‍ അടക്കുന്നതിന് ആറുമാസത്തെ ഇളവ് പ്രഖ്യാപിച്ച് റാസല്‍ഖൈമ. പ്രോപ്പര്‍ട്ടി ഡാറ്റാബേസ് നവീകരണത്തിന്റെയും സേവന നിലവാരം ഉയര്‍ത്തുന്നതിന്റെയും ഭാഗമായി നടക്കുന്ന നവീകരണ പ്രക്രിയകളുടെ ഭാഗമാണ് ഇളവെന്ന് റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്തര് മുഹമ്മദ് ബിന്‍ സഖര്‍ അൽ സഅബി വ്യക്തമാക്കി. ഓരോ കെട്ടിടത്തിന്റെയും വിവരങ്ങള്‍ കൃത്യപ്പെടുത്തുന്നതിന് സമഗ്ര പദ്ധതിയാണ് റാസല്‍ഖൈമയില്‍ നടപ്പാക്കുന്നത്.
ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഉടമകളുടെ ആവശ്യങ്ങള്‍ എളുപ്പമാക്കുന്നതുമാണ് പദ്ധതി. നടപടി പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള ഏകോപനം ലളിതമാക്കുന്നതുമാണ് പദ്ധതി.
നിലവിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും വാസ്തുവിദ്യാ രേഖകള്‍ അംഗീകൃതമാക്കുക, പാട്ടക്കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും അധികൃതര്‍ ലക്ഷ്യമിടുന്നു. നിയമാനുസൃതമല്ലാത്ത നിര്‍മാണ പ്രവൃത്തികൾ നിശ്ചിത മാനദണ്ഡങ്ങളിലൂടെ അംഗീകൃതമാക്കാനുള്ള അവസരം കൂടിയാണ് ഉടമകള്‍ക്ക് കൈവന്നിരിക്കുന്നത്.
പിഴകളിലും ഫീസുകളിലും പൂര്‍ണമായ ഇളവ് ലഭിക്കുന്നതിന് ഉടമകള്‍ ആറുമാസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കണം. നിലവിലുള്ള ബില്‍ഡിങ് പെര്‍മിറ്റ് സേവനത്തിന് നിശ്ചിത പ്രദേശത്തെക്കുറിച്ച കൃത്യമായ രൂപരേഖ ഉപഭോക്തൃ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. പുതിയ പ്ലാനുകള്‍ തയാറാക്കേണ്ടത് അംഗീകൃത കണ്‍സല്‍ട്ടന്റുകള്‍ മുഖേനായായിരിക്കണം. എല്ലാ കെട്ടിട ഉടമകളും അവരുടെ പേപ്പര്‍ ജോലികള്‍ ക്രമപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും ഭാവിയിലെ പിഴകള്‍ ഒഴിവാക്കുന്നതിനും അവസരം പ്രയോജനപ്പെടുത്തണമെന്ന് റാക് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.