കേരളമേ പതറരുത്, ഞങ്ങൾ ഒപ്പമുണ്ട് -ദുബൈ റെഡ്ക്രസൻറ് മേധാവി
text_fieldsദുബൈ: നാടിനെ അടിമുടി ഉലച്ച പ്രളയദുരിതം ഒറ്റക്കെട്ടായി നേരിട്ട കേരളത്തിെൻറ കരുത്ത് അഭിമാനവും ആഹ്ലാദവും പകരുന്നതാണെന്ന് യു.എ.ഇയിലെ പ്രമുഖ സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ്ക്രസൻറ് ദുബൈ ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി അഭിപ്രായപ്പെട്ടു. ബുദ്ധിമുട്ടിെൻറ കാലത്ത് ഒരുമിച്ചു നിന്നതാണ് പ്രതിസന്ധിയെ അതിജീവിക്കാൻ ഒരളവുവരെ കരുത്തു പകർന്നത്. ദുരന്തത്തിെൻറ വ്യാപ്തി വിലയിരുത്തിയ ശേഷമേ സഹായ പദ്ധതികൾ തീരുമാനിക്കാനാവൂ. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്നയുടെ നേതൃത്വത്തിലെ സംഘം കേരളം സന്ദർശിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇതു രൂപകൽപന ചെയ്യുകയെന്ന് അൽ സറൂനി പറഞ്ഞു.
സർക്കാറുകൾ തമ്മിൽ ആശയവിനിമയം നടത്തിയ ശേഷമാണ് ഇതു തീരുമാനിക്കു. കേരളത്തിെൻറ തുടർപ്രയാണങ്ങളിൽ ആത്മാർഥമായി സഹകരിക്കാനും പിന്തുണക്കാനും സന്നദ്ധത യു.എ.ഇ ഭരണകൂടം തുടക്കം മുതലേ സന്നദ്ധത അറിയിച്ചിട്ടുണ്ട്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ്ആൽ നഹ്യാനും യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും കേരളത്തിന് വേണ്ട സഹായങ്ങളെല്ലാം നൽകാൻ യു.എ.ഇ ജനതയോട് ആഹ്വാനം ചെയ്തിരുന്നു. ഖലീഫ ഫൗണ്ടേഷൻ, ദാറുൽബിർ, ദാറുൽഖൈർ, ദുബൈ കെയേഴ്സ് എന്നിവ മുഖേനയെല്ലാം സഹായമൊരുങ്ങും.
കേരളത്തിന് സംഭവിച്ച വിപത്ത് സ്വന്തം വേദനയായി കണ്ടാണ് യു.എ.ഇ സമൂഹം പിന്തുണയും െഎക്യദാർഢ്യവുമായി മുന്നോട്ടു വന്നതെന്ന് അൽ സറൂനി പറഞ്ഞു. കേരളത്തിൽ ഇതിനകം തന്നെ യു.എ.ഇയുടെ സഹായഹസ്തം എത്തിക്കഴിഞ്ഞു. മുഹമ്മദ് ബിൻ റാശിദ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ വിതരണം വിവിധ ക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും വ്യാപകമാണ്. എമിറേറ്റ്സ് റെഡ്ക്രസൻറിെൻറ വളണ്ടിയർമാർ സഹായ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇന്ത്യൻ സർക്കാറിെൻറ അനുമതി ലഭിച്ചാലുടൻ എത്തിക്കാൻ 25 ടൺ സാമഗ്രികൾ സംഭരിച്ചിട്ടുണ്ട്. സാമഗ്രികൾ ആവശ്യമില്ലെന്നറിയിക്കുന്ന പക്ഷം ആ വസ്തുക്കൾക്ക് വില നിശ്ചയിച്ച് തുക കേരളത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് നൽകൂം. സാമഗ്രികൾ റെഡ്ക്രസൻറിെൻറ സഹായം നൽകുന്ന മറ്റേതെങ്കിലും പ്രദേശങ്ങളിലെത്തിച്ച് വിതരണം ചെയ്യും.
ദുരന്തം അവസാനിച്ച ഘട്ടത്തിൽ കൂടുതലായി സന്നദ്ധപ്രവർത്തകരുടെ സേവനം ഇൗ മേഖലകളിൽ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വത്തുക്കളും സ്വന്തക്കാരും നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ച് എല്ലാം വീണ്ടെടുക്കാനാവുമെന്ന് സാന്ത്വനിപ്പിക്കാനും ആത്മവിശ്വാസം നൽകാനും കഴിയണം. പൊടുന്നനെ സംഭവിച്ച ദുരിതത്തെ സമചിത്തതയോടെ നേരിട്ട കേരളത്തിന് അതിജയിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും കേരളത്തെയും മലയാളികളെയും സ്നേഹിക്കുന്ന ആയിരങ്ങൾ ലോകമെമ്പാടും ഒരേ മനസുമായി ഇൗ മുന്നേറ്റത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം ‘ഗൾഫ്മാധ്യമ’ത്തോടു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.