ദുബൈയിൽ തർക്ക പരിഹാര നടപടികൾക്ക് പുതുക്കിയ നിയമം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: എമിറേറ്റിലെ തർക്ക പരിഹാര പ്രക്രിയയുമായി ബന്ധപ്പെട്ട് പുതുക്കിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സമൂഹത്തിലെ ഓരോ അംഗത്തിനും ഏറ്റവും കാര്യക്ഷമമായ സേവനം ലഭ്യമാക്കുന്നതിന്, നിയമങ്ങൾ ആധുനികവത്കരിക്കുന്നതിന്റെയും നവീകരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തേയുള്ള നിയമത്തിലെ 10 ആർട്ടിക്കിളുകളാണ് പുതിയ നിയമത്തിൽ ഭേദഗതി ചെയ്തിട്ടുള്ളത്.
പുതിയ നിയമത്തിലെ പുതുക്കിയ ആർട്ടിക്ക്ൾ പ്രകാരം നിർബന്ധിത ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കേണ്ട തർക്കങ്ങൾ ഏതെന്ന് വ്യക്തമാക്കുന്നുണ്ട്. ദുബൈ കോർട്സ് പ്രസിഡന്റ് റഫർ ചെയ്യുന്ന തർക്കങ്ങൾ, വ്യക്തിപരമായ പദവിത്തർക്കം, കക്ഷികൾ സെന്റർ ഫോർ അമിക്കബ്ൾ സെറ്റിൽമെന്റ് ഓഫ് ഡിസ്പ്യൂട്ട്സിലേക്ക്(സി.എ.എസ്.ഡി) റഫർ ചെയ്യാൻ സമ്മതിക്കുന്ന തർക്കങ്ങൾ, വ്യവഹാരികൾ തമ്മിലുള്ള മുൻകൂർ കരാറിന്റെ അടിസ്ഥാനത്തിൽ കോടതികൾ സി.എ.എസ്.ഡിയിലേക്ക് റഫർ ചെയ്യുന്ന കേസുകൾ എന്നിവ ഇതിലുൾപ്പെടും. അനുരഞ്ജന ശ്രമങ്ങളിൽനിന്ന് ഒഴിവാക്കപ്പെടേണ്ട തർക്കങ്ങൾ, ഉത്തരവുകൾ, അവകാശവാദങ്ങൾ എന്നിവയെക്കുറിച്ചും ആർട്ടിക്ക്ൾ 5 വിശദീകരിക്കുന്നുണ്ട്.
സി.എ.എസ്.ഡിക്കും ഫാമിലി ഗൈഡൻസ് ആൻഡ് റീകൺസിലിയേഷൻ കമ്മിറ്റിക്കും മുമ്പാകെയുള്ള തർക്ക പരിഹാര നടപടിക്രമങ്ങളും പുതുക്കിയ ആർട്ടിക്കിളിൽ പരാമർശിക്കുന്നുണ്ട്. ദുബൈ കോടതികളുടെ ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് സി.എ.എസ്.ഡിയിൽ സൗഹാർദപരമായ ഒത്തുതീർപ്പിനായി സമർപ്പിക്കുന്ന തർക്കങ്ങൾ ഒരു യോഗ്യതയുള്ള ജഡ്ജിയുടെ മേൽനോട്ടത്തിൽ അനുരഞ്ജകൻ അവലോകനം ചെയ്യണമെന്ന് അതിൽ പറയുന്നു.
സി.എ.എസ്.ഡിക്ക് മുമ്പാകെ തർക്കങ്ങൾ പരിഗണിക്കുമ്പോൾ ഈ നിയമത്തിലെ നടപടിക്രമങ്ങൾ, മാനദണ്ഡങ്ങൾ, വ്യവസ്ഥകൾ എന്നിവ പാലിക്കണമെന്നും ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. വ്യക്തിഗത സ്റ്റാറ്റസ് തർക്കങ്ങൾക്ക്, ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റോ അദ്ദേഹത്തിന്റെ അംഗീകൃത പ്രതിനിധിയോ നിർവചിച്ചിരിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് ഫാമിലി ഗൈഡൻസ് ആൻഡ് റീകൺസിലിയേഷൻ കമ്മിറ്റി വഴി അനുരഞ്ജനം സാധ്യമാണ്. ഒഫീഷ്യൽ ഗസറ്റിൽ പുതിയ നിയമം പ്രസിദ്ധീകരിക്കുന്നതോടെ ഇത് നിലവിൽവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.