പാചകവാതക വിതരണം; ദുബൈയിൽ 1,098 നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsഅനധികൃത ഗ്യാസ് വിതരണം കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ
ദുബൈ: ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വിതരണത്തിൽ പൊതുസുരക്ഷയും നിശ്ചിത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന സജീവമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഇതിനകം 4,322 ഫീൽഡ് പരിശോധനകൾ പൂർത്തിയാക്കിയ അധികൃതർ 1,098 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
എമിറേറ്റിലെ 15 സംവിധാനങ്ങൾ ഉൾപ്പെടുന്ന പെട്രേളിയം ഉൽപന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ദുബൈ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്തിൽ സംയുക്തമായാണ് പരിശോധനകൾ നടന്നത്. 2023 തുടക്കം മുതൽ ഈ വർഷം ജൂൺ വരെയുള്ള നിയമലംഘനങ്ങളുടെ വിവരങ്ങളാണ് അധികൃതർ പുറത്തുവിട്ടത്.
പരിസ്ഥിതി, പൊതുജനാരോഗ്യം, സുരക്ഷ എന്നിവയെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനമാണ് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വിതരണമെന്നും, അതിനാൽ തന്നെ ശക്തമായ നിരീക്ഷണം ആവശ്യമാണെന്നും ആർ.ടി.എയുടെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്റിങ് വിഭാഗം ഡയറക്ടർ സഈദ് അൽ ശംസി പറഞ്ഞു.
ലൈസൻസിങ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തൽ, വ്യാജ ഗ്യസ് സിലിണ്ടറുകൾ കണ്ടെത്തൽ എന്നിവയാണ് പരിശോധനകൾ ലക്ഷ്യമിടുന്നതെന്നും, ഇതിലൂടെ ഗുരുതരമായ അപകടങ്ങൾ തടയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലായാണ് പരിശോധനകൾ നടന്നത്. വ്യാജവും അംഗീകൃതവുമല്ലാത്ത ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയതാണ് ഏറ്റവും ഗുരുതരമായ നിയമലംഘനമായി അടയാളപ്പെടുത്തിയത്. നിശ്ചിത അനുമതിയില്ലാതെ വാടകക്ക് നൽകുന്നതും ഗ്യസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നതും കണ്ടെത്തിയ മറ്റു കുറ്റങ്ങളാണ്.
പരിശോധന കാലയളവിൽ 170ഓളം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പാചക വാതക വിതരണം നടത്തുന്ന എല്ലാ സ്ഥാപനങ്ങളും നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും സജീവമായ പരിശോധനകൾ തുടരുമെന്നും ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.