500 പ്രവാസി വിദ്യാർഥികൾക്ക് സ്കോളർഷിപ്
text_fieldsഷാർജ: 2025-2026 അധ്യയന വർഷത്തിൽ ഷാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ 500 പ്രവാസി വിദ്യാർഥികൾക്ക് പഠന സ്കോളർഷിപ് നൽകും. ഇതിനായുള്ള ധനബജറ്റിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
സർവകലാശാലയുടെ വിവിധ സ്പെഷലൈസേഷനുകളിലേക്കും കോളജുകളിലേക്കും ആദ്യ സെമസ്റ്ററിൽ പ്രവേശനം ലഭിച്ച വിവിധ രാജ്യങ്ങളിൽനിന്നുള്ള പുരുഷ-വനിത വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന സർവകലാശാലയുടെ സവിശേഷ നടപടികൾക്കുള്ള പിന്തുണ എന്നനിലയിലാണ് ധനസഹായം അനുവദിച്ചത്. സംയോജിതമായ അക്കാദമിക അന്തരീക്ഷത്തിൽ നിന്നുകൊണ്ട് വിദ്യാർഥികൾക്ക് യൂനിവേഴ്സിറ്റി വിദ്യാഭ്യാസം നേടാൻ അവസരം നൽകുന്നതാണ് യൂനിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകൾ. അക്കാദമിക പ്രോഗ്രാമുകൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവക്കുള്ള സാമ്പത്തിക പിന്തുണയും ബജറ്റിൽ ഉൾപ്പെടും.
വിദ്യാർഥികൾക്ക് ഉചിതമായ വിദ്യാഭ്യാസ പരിശീലന അന്തരീക്ഷം വളർത്തിയെടുക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങൾക്കും കമ്യൂണിറ്റി സേവനങ്ങൾക്കുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ട്. കോളജ് ഓഫ് ശരീഅ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ്, കോളജ് ഓഫ് ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്, കോളജ് ഓഫ് ഇക്കണോമിക്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ, കോളജ് ഓഫ് കമ്യൂണിക്കേഷൻ, കോളജ് ഓഫ് ഹോളി ഖുർആൻ എന്നീ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.