ഷാർജ വ്യവസായ മേഖല വികസനത്തിന് 28.3 കോടിയുടെ പദ്ധതി
text_fieldsഷാർജ വ്യവസായ മേഖല 6 വികസന പദ്ധതി വിശദീകരിക്കുന്ന ചടങ്ങിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസും മറ്റു പ്രമുഖരും
ഷാർജ: എമിറേറ്റിലെ വ്യവസായ മേഖല 6 അടുത്ത രണ്ടുവർഷം വലിയ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യംവഹിക്കും. അടിസ്ഥാന സൗകര്യങ്ങൾ പുനർവികസിപ്പിക്കുന്ന 28.3 കോടി ദിർഹമിന്‍റെ പദ്ധതിയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭൂമി, നിർമാണ പദ്ധതികൾക്ക് അംഗീകാരമായതായി ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു. നിർമാണം ഉടനടി ആരംഭിക്കുമെന്നും പദ്ധതി നടപ്പിലാക്കൽ ഘട്ടത്തിലാണുള്ളതെന്നും 24മാസത്തിനകം ആസൂത്രണം ചെയ്ത പ്രകാരം പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക് ബദൽ പാതകൾ അനുവദിക്കുകയും തടസങ്ങൾ ഒഴിവാക്കുന്നതിന് മികച്ച ആസൂത്രണത്തിൽ നിർമാണം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 19കി.മീറ്റർ റോഡ് ശൃംഖല, 4025പാർക്കിങ് സ്ഥലങ്ങൾ, 40കി.മീറ്റർ നടപ്പാതകൾ, 250 ട്രാഫിക് സൂചനാബോർഡുകൾ, 16കി.മീറ്റർ സീവേജ്, 14കി.മീറ്റർ ഓവുചാൽ, 12കി.മീറ്റർ നീളവും 256സംവിധാനങ്ങളും അടങ്ങിയ അഗ്നിരക്ഷാ ശൃംഖല, 9കി.മീറ്റർ നിരീക്ഷണ ശൃംഖല, 20കി.മീറ്റർ സ്ഥലത്ത് തെരുവ് വിളക്ക് സംവിധാനം, 14കി.മീറ്റർ ജലവിതരണ സംവിധാനം, 18കി.മീറ്റർ ഗ്യാസ് നെറ്റ്വർക്ക്, 12കി.മീറ്റർ വൈദ്യുതി നെറ്റ്വർക്ക്, 9കി.മീറ്റർ ടെലികോം നെറ്റ്വർക്, മലിനജല പമ്പിങ് സ്റ്റേഷൻ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
ഗതാഗതം മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് കുറക്കാനും വ്യവസായ സ്ഥാപനങ്ങൾക്ക് സൗകര്യപ്രദമായ സംവിധാനങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കാൽനട പാതകളും കാറുകൾക്കും ട്രക്കുകൾക്കുമുള്ള പാർക്കിങും പദ്ധതിയുടെ ഭാഗമാണ്. നൂതനമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി എല്ലാ ഭാഗങ്ങളിലും കാമറ സ്ഥാപിക്കും.
ഷാർജയിലെ വ്യവസായ മേഖലകൾ ആധുനിക വൽകരിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയത്. വ്യവസായ മേഖല 6നെ വ്യവസായ ആവശ്യങ്ങൾക്കായി നിലനിർത്തുകയും വ്യവസായ മേഖല 7നെയും മുൻ അൽ നഹ്ദ വ്യവസായ മേഖലയെയും നിക്ഷേപ, താമസ, വാണിജ്യ മേഖലകളായി പരിവർത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.