പിടികൂടിയ വാഹനം മൂന്നുമാസത്തിന് ശേഷം ലേലം ചെയ്യും; നിയമഭേദഗതിയുമായി ഷാർജ
text_fieldsപിടിച്ചെടുത്ത വാഹനങ്ങൾ
ഷാർജ: എമിറേറ്റിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ പൊലീസോ ആർ.ടി.എയോ പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടാൻ അവകാശികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ മൂന്നു മാസത്തിന് ശേഷം ലേലം ചെയ്യും. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ഭരണാധികാരിയുടെ ഓഫിസിൽ ചേർന്ന എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നൽകി.
ട്രാഫിക് കേസുകളിലോ ക്രിമിനൽ കേസുകളിലോ അകപ്പെട്ട് പിടിയിലായ വാഹനങ്ങൾ മൂന്നുമാസം വരെ യാർഡുകളിൽ സൂക്ഷിക്കും. ഈ സമയത്തിനുള്ളിൽ വാഹനം വിട്ടുകിട്ടാൻ അവകാശികൾ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ പൊതു ലേലത്തിൽ വാഹനം വിൽപന നടത്തും. പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ചായിരിക്കും വാഹനങ്ങളുടെ ലേലം നടക്കുക.
എക്സിക്യുട്ടീവ് യോഗത്തിൽ ഷാർജ ഉപ ഭരണാധികാരികളും എക്സിക്യുട്ടീവ് കൗൺസിൽ വൈസ് ചെയർമാൻമാരുമായ ശൈഖ് അബ്ദുല്ല ബിൻ സലിം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബൻ സുൽത്താൻ അൽ ഖാസിമി എന്നിവരും പങ്കെടുത്തു. പ്രാദേശിക വകുപ്പുകളുടെയും അതോറിറ്റികളുടെയും പൊത നയങ്ങൾ, സർക്കാർ പ്രവർത്തനങ്ങളുടെ പുരോഗതി എന്നിവയും യോഗത്തിൽ ചർച്ചയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.