ശൈഖ് ഹംദാൻ ഉപ പ്രധാനമന്ത്രി പദത്തിൽ ഒരാണ്ട്
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി ചുമതലയേറ്റിട്ട് ഒരാണ്ട്. കഴിഞ്ഞ വർഷം ജൂലൈ 18നായിരുന്നു സുപ്രധാന പദവിയിൽ ദുബൈ കിരീടാവകാശി അധികാരമേറ്റത്. ആദ്യ വർഷത്തിൽതന്നെ യു.എ.ഇയുടെ പ്രതിരോധ മേഖലയിൽ സുപ്രധാന മാറ്റങ്ങൾക്ക് തുടക്കംകുറിക്കാനും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ച് അന്താരാഷ്ട്രതലത്തിൽ യു.എ.ഇയുടെ മുഖമാകാനും അദ്ദേഹത്തിന് സാധിച്ചു.
2024 ജൂലൈ 14നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് ഹംദാനെ പുതിയ പദവിയിലേക്ക് നാമനിർദേശം ചെയ്തത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അംഗീകാരത്തോടെയുള്ള തീരുമാനത്തെ തുടർന്ന് ജൂലൈ 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.ഇത് ഭരണാധികാരത്തിന്റെ തലമുറ മാറ്റത്തിന്റെ പ്രതീകമെന്നതിലുപരി, രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് കൂടുതൽ നവീകരണവും സാങ്കേതിക മികവും ഭാവി മുന്നേറ്റവും ലക്ഷ്യംവെച്ചുള്ള സുപ്രധാന തീരുമാനമായിരുന്നു. ദുബൈ കിരീടവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമെന്ന നിലയിൽ നേരത്തേതന്നെ പ്രകടമാക്കിയ നേതൃമികവ് പ്രതിരോധ രംഗത്തും ശൈഖ് ഹംദാൻ കഴിഞ്ഞ 12 മാസത്തിൽ പ്രതിഫലിപ്പിച്ചു.
മന്ത്രാലയത്തിന്റെ എല്ലാ രംഗങ്ങളെയും അതിവേഗത്തിൽ പഠിച്ചെടുത്ത അദ്ദേഹം രാജ്യത്തിന്റെ അതിർത്തിയിലെ സൈനികരുടെ പ്രവർത്തനങ്ങൾ നേരിട്ടു കാണാനും അവരുമായി സംവദിക്കാനും സയമം കണ്ടെത്തി. റമദാനിൽ ഹത്ത അതിർത്തിയിലെ സേനാംഗങ്ങൾക്കൊപ്പം നോമ്പു തുറക്കാനും അദ്ദേഹമെത്തി. അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമായ സന്ദർശനങ്ങളുമായി ശൈഖ് ഹംദാൻ കഴിഞ്ഞ ഒരു വർഷക്കാലം നിറഞ്ഞുനിന്നു.ഇന്ത്യ, ഖത്തർ, ഒമാൻ, ഉസ്ബെകിസ്താൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഔദ്യോഗികമായി സന്ദർശിച്ചവയിൽ ഉൾപ്പെടും.ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് നടന്ന സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര, സഹകരണ രംഗത്തെ ഊഷ്മളതയെ അടയാളപ്പെടുത്തുന്നതായിരുന്നു. ഇക്കഴിഞ്ഞ മേയിൽ നടത്തിയ ഒമാൻ സന്ദർശനവും ശ്രദ്ധേയമായിരുന്നു.
ശൈഖ് ഹംദാന് ആശംസാ കവിതയുമായി ശൈഖ് മുഹമ്മദ്
ദുബൈ: ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി ചുമതലയേറ്റതിന്റെ ഒന്നാം വാർഷിക പശ്ചാത്തലത്തിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് കവിതയിലൂടെ ആശംസയറിയിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എക്സ് അക്കൗണ്ടിലാണ് വിഡിയോ ചിത്രീകരണത്തോടെ കവിത പങ്കുവെച്ചത്.
മകന് സ്നേഹപൂർവം പിതാവ് സമർപ്പിച്ച വരികൾ മനോഹരമായി ഗാനമായാണ് വിഡിയോയിൽ അവതരിപ്പിച്ചിട്ടുള്ളത്. പ്രമുഖ ഇമാറാത്തി ഗായകൻ ഈദ അൽ മിൻഹാലിയാണ് പാട്ട് പാടിയിട്ടുള്ളത്. അറബിയിലെ വരികൾ ശൈഖ് ഹംദാന്റെ നേതൃമികവിലുള്ള വിശ്വാസവും അഭിമാനവും പ്രതിഫലിപ്പിക്കുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.