ഇത്തിഹാദ് പാസഞ്ചർ ട്രെയ്നിൽ യാത്രികനായി ശൈഖ് മുഹമ്മദ്
text_fieldsപരീക്ഷണ ഓട്ടം നടത്തുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയ്നിൽ യാത്ര ചെയ്യുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയ്നിൽ യാത്രികനായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയിൽ നിന്ന് ഫുജൈറ വരെ നടത്തിയ പരീക്ഷണ യാത്രയുടെ ചിത്രങ്ങൾ അദ്ദേഹം എക്സ് എകൗണ്ടിൽ പങ്കുവെച്ചു. രാജ്യം ഉറ്റുനോക്കുന്ന ദേശീയ പദ്ധതിയുടെ പ്രാധാന്യവും ശൈഖ് മുഹമ്മദ് എക്സിലെ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു യാത്ര. രാജ്യത്തെ 11 നഗരങ്ങളെ ബന്ധിപ്പിച്ച് സർവിസ് ആരംഭിക്കാനൊരുങ്ങുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന്‍റെ ഭാഗമാമായിട്ടായിരുന്നു ശൈഖ് മുഹമ്മദിന്‍റെ യാത്ര.
രാജ്യത്തെ അഭിമാന പദ്ധതിയായ ഇത്തിഹാദ് പാസഞ്ചർ ട്രെയ്ൻ 2026ൽ സർവിസ് ആരംഭിക്കും. അബൂദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെയാണ് നിലവിൽ സർവിസ് തുടങ്ങാൻ ആലോചിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതിയിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക് ഇതുവഴി സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയ റെയിൽ പദ്ധതിയിൽ അഭിമാനമുണ്ടെന്നും ശൈഖ് തയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദിന്‍റെ നേതൃത്വത്തിലുള്ള ഇത്തിഹാദ് റെയിൽ ടീമിനെയും അഭിനന്ദിക്കുന്നതായി ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. എപ്പോഴും കർമനിരതരായ ഒരു ദേശത്തിന്‍റെ ഭാഗമായതിൽ അഭിമാനിക്കുന്നു. ഓരോ ദിവസവും രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അവർ ഭാഗവാക്കാണെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. ഇത്തിഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്ര സമയം ഗണ്യമായി കുറയും.
അബൂദബിയിൽ നിന്ന് ദുബൈ വരെയുള്ള യാത്രക്ക് 57 മിനിറ്റ് മാത്രം മതിയാകും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിന്‍റെ യാത്ര മതി. പദ്ധതി വിനോദ സഞ്ചാരമേഖലക്കും കരുത്ത് പകരും. അടുത്ത 50 വർഷത്തിനുള്ളിൽ ടൂറിസം മേഖലയിൽ നിന്ന് 240 കോടി ദിർഹമിന്‍റെ വരുമാനമാണ് യു.എ.ഇ പ്രതീക്ഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.