റാസൽഖൈമയിൽ ശൈഖ് മുഹമ്മദ് ബിന്‍ സാലിം റോഡ് നവീകരിക്കുന്നു
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ പ്രധാന പാതകളിൽ ഒന്നായ ശൈഖ് മുഹമ്മദ് ബിന്‍ സാലിം റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചു. ജസീറ അൽ ഹംറ റൗണ്ട് എബൗട്ടിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷനിലേക്ക് നീളുന്ന പ്രധാന തീരദേശ പാതയിലാണ് വികസനം. ഓള്‍ഡ് റാസല്‍ഖൈമ മുതല്‍ അല്‍ മര്‍ജാന്‍ ഐലന്റ് റൗണ്ട എബൗട്ട് വരെ ദൈര്‍ഘ്യമുള്ളതാണ് ശൈഖ് മുഹമ്മദ് ബിന്‍ സാലിം റോഡ്. വന്‍ വികസന പ്രവൃത്തികള്‍ നടക്കുന്ന ജസീറ അല്‍ ഹംറയെ എളുപ്പത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 11.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുക. റാസൽഖൈമ പൊതുമരാമത്ത് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ രണ്ടുവരിയുള്ള പാതയെ നാലുവരിയാക്കുകയും സമാന്തര സർവിസ് റോഡുകൾ നിർമിക്കുകയും ചെയ്യും.
കൂടാതെ ജങ്ഷനുകളുടെ നവീകരണം, നൂതന ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കൽ, മഴവെള്ള ഡ്രൈനേജ്, ജലസേചനം, വൈദ്യുതി, കുടിവെള്ളം, വാർത്തവിനിമയ ശൃംഖലകൾ മെച്ചപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടും. നവീന രീതിയിലുള്ള ഇന്റലിജന്റ്സ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റവും (ഐ.ടി.എസ്) ശൈഖ് മുഹമ്മദ് ബിന്‍ സാലിം റോഡ് വികസനത്തില്‍ ഉള്‍പ്പെടുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ഒന്നാം ഘട്ടം രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിൽ നാല് പാലങ്ങളാണ് നിർമിക്കുക. കൂടാതെ, ഡോൾഫിൻ ജങ്ഷൻ, അൽ ഹംറ അണ്ടർപാസ്, മിന അൽ അറബ് അണ്ടർപാസ് എന്നീ പ്രധാന പോയന്റുകളിൽ പാർക്കിങ് സൗകര്യങ്ങളും ഒരുക്കും. 21 മാസത്തിനുള്ളിൽ രണ്ടാം ഘട്ടവും പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. പദ്ധതി പൂർത്തിയാവുന്നതോടെ ഈ മേഖലയിൽ ഗതാഗത കുരുക്ക് ഇല്ലാതാവുകയും യാത്രാസമയം വലിയ തോതിൽ കുറയുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.