ഷെമീറും നിധിലും തോറ്റില്ല; സ്നേഹവും നൻമയും ജയിച്ചു
text_fieldsദുബൈ: ഷാർജ നഹ്ദയിൽ താമസിക്കുന്ന വടകരക്കാരൻ ഷെമീർ കാദിയാരകം ഫേസ്ബുക്കിൽ പതിവുപോലെ ഒരു പോസ്റ്റ് ഇട്ടതാണ്. സാമൂഹിക വിഷയങ്ങളെക്കുറിച്ചെല്ലാം തെൻറ വീക്ഷണം സ്വന്തം ശൈലിയിൽ വീഡിയോ ആയും സ്റ്റാറ്റസ് ആയും പോസ്റ്റ് ചെയ്യാറുണ്ട്്. ദൈവകൽപനയും പ്രവാചകചര്യയുംഅതു പാലിക്കാൻ ബാധ്യസ്ഥരായ ജനങ്ങൾ ധിക്കരിക്കുന്നതു കാണുേമ്പാൾ സങ്കടം തോന്നി സാഹചര്യത്തിന് അനുസരിച്ചുള്ള ഖുർആൻ വാക്യങ്ങളും പ്രവാചക വചനങ്ങളും പോസ്റ്റ് ചെയ്യും. പല പോസ്റ്റും കൂട്ടുകാർ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും. ലൈക്കുമടിക്കും. മതം മാറ്റത്തെക്കുറിച്ച് ഇൗയിടെ ഇട്ട പോസ്റ്റിന് പ്രതികരണം സാധാരണ രീതിയിലായിരുന്നില്ല. ആർക്കായാലും ദേഷ്യം തോന്നിയേക്കാവുന്ന കടുത്ത ഭാഷയിലായിരുന്നു വന്ന പ്രതികരണങ്ങൾ. മോശം കമൻറിട്ട ആരെയും ഷെമീർ തിരിച്ച് ചീത്ത വിളിച്ചില്ല.
പക്ഷെ ഏറ്റവും മോശമായ കമൻറിട്ടയാളെ ഇദ്ദേഹം ഫോണിൽ വിളിച്ചു. തമ്മിൽ കാണണമെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ ദുബൈ അൽഖൂസിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി നിധിൽ രാജിനെ വന്നു കണ്ടു. ഇത്ര വലിയ തെറിവിളിച്ചിട്ടും മുന്നിൽ വന്ന് പുഞ്ചിരിച്ചു നിൽക്കുന്ന മനുഷ്യനെ കണ്ടപ്പോൾ നിധിലിന് വാക്കുകൾ കിട്ടാതെയായി. ഇരുവരും ഒന്നിച്ചിരുന്ന് ചായ കുടിച്ചു. പിന്നെ മനസ് തുറന്നു. ഇത് തെൻറ നൻമയല്ലെന്നും വിളിച്ചതും കാണാൻ കൂട്ടാക്കിയ നിധിലിെൻറ സന്നദ്ധതയെയാണ് താൻ വിലമതിക്കുന്നതെന്നും ഷെമീർ പറയുന്നു. തെറ്റായ വാക്കുകൾ ഉപയോഗിച്ചതിന് നിധിൽ ഖേദവും പ്രകടിപ്പിച്ചു.
അങ്ങിനെ ഫേസ്ബുക്കിൽ തെറിവിളിച്ചു തുടങ്ങിയ പ്രശ്നം ഫേസ്ബുക്കിലൂടെ നടത്തിയ സ്നേഹപ്രഖ്യാപനത്തിലൂടെ അവസാനിച്ചു. വിവാദ കമൻറുകൾ വന്നു വീണ പോസ്റ്റ് ഷെമീർ ഒഴിവാക്കി. ഇരുവരും ഒരുമിച്ചിരുന്ന് സ്നേഹപൂർവം സംസാരിക്കുന്ന വീഡിയോ നിരവധി ലക്ഷം ആളുകളാണ് ഇതിനകം കണ്ടത്. സ്നേഹം കൊണ്ട് പകരം വീട്ടിയ ഷെമീറിന് അനുമോദനമറിയിച്ച് ലോകത്തിെൻറ പല കോണുകളിൽ നിന്ന് നൂറുകണക്കിന് സന്ദേശങ്ങളുമെത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.