ഗസ്സക്ക് ഐക്യാർഢ്യം; ഷാർജയിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിരോധനം
text_fieldsഷാർജ: പുതുവത്സര രാവിൽ എമിറേറ്റിൽ എല്ലാ ആഘോഷങ്ങളും വെടിമരുന്ന് പ്രയോഗങ്ങളും നിരോധിച്ച് ഷാർജ പൊലീസ്. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടി. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും തീരുമാനത്തോട് സഹകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പു നൽകി.
ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും നടത്തരുതെന്നാണ് ഭരണകൂടത്തിന്‍റെ നിർദേശം. പുതുവത്സരത്തലേന്ന് ഷാർജയിലും ദുബൈയിലും വൻ ആഘോഷ പരിപാടികളാണ് വിവിധ കമ്പനികളും വ്യക്തികളും ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി വലിയ തോതിലുള്ള മുന്നൊരുക്കങ്ങളും നടന്നുവരികയാണ്. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന വെടിക്കെട്ടുകളും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഭരണകൂടം ജനുവരി ഒന്നിന് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. നിലവിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ ഫലത്തിൽ ഷാർജക്കാർക്ക് നാലു ദിവസം ദിവസം അവധി ലഭിക്കുമായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഒരുതരത്തിലുമുള്ള ന്യൂയർ ആഘോഷങ്ങളും വേണ്ടെന്ന നിലപാട് പ്രഖ്യാപിച്ചതോടെ ഒരുക്കങ്ങൾ നിർത്തിവെക്കാനാണ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും തീരുമാനം.
അതേസമയം, മറ്റ് എമിറേറ്റുകളിൽ ഇതുവരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. ദുബൈയിൽ വിപുലമായ സുരക്ഷ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തിവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.